ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടികളിലൊന്നാണ് ചന്ദനം. ഇതിന്റെ ഔഷധഗുണവും സുഗന്ധവും അന്താരാഷ്ട്ര വിപണിയിൽ ചന്ദനത്തിന് വൻ ഡിമാൻഡ് നൽകുന്നു. നിലവിൽ ഏറ്റവും മുന്തിയ ഇനം ചന്ദനത്തിന് കിലോഗ്രാമിന് 20,000 രൂപയ്ക്ക് മുകളിലാണ് വില. ഇലകൾ ഒഴികെ വേര് മുതൽ തൊലി വരെ ഇതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. ഇതൊക്കെ കേൾക്കുമ്പോൾ വീട്ടുമുറ്റത്ത് ഒരു ചന്ദനമരം വളർത്താൻ ആഗ്രഹം തോന്നുന്നുണ്ടോ? എന്നാൽ നിയമക്കുരുക്കുകളെക്കുറിച്ചുള്ള പേടി ഇതിന് തടസ്സമാകുന്നുണ്ടോ?. എന്നാഷ ചന്ദനം വളർത്തുന്നത് കുറ്റകരമാണെന്ന തെറ്റായ ധാരണ മാറ്റേണ്ട കാലമായിരിക്കുന്നു. വീട്ടുവളപ്പിൽ ചന്ദനം വളർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ ഇപ്പോൾ യാതൊരു തടസ്സവുമില്ലെന്നതാണ് യാഥാർത്ഥ്യം.
ചന്ദനത്തൈ നടാൻ ആഗ്രഹമുണ്ടെങ്കിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഇപ്പോൾ വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്.
കേരള വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നഴ്‌സറികളിൽ നിന്നും മറയൂർ ചന്ദന ഡിപ്പോയിൽ നിന്നും ഗുണമേന്മയുള്ള ചന്ദനത്തൈകൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ചന്ദനമരം ഒരു ‘അർദ്ധ പരാദ’ സസ്യം (Semi-parasitic) ആയതിനാൽ, ഇതിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് ചെടികൾക്കൊപ്പം (ഉദാഹരണത്തിന് ശീമക്കൊന്ന, കറിവേപ്പ്) വേണം ഇത് നടാൻ.
വനംവകുപ്പിന്റെ സഹായങ്ങൾ
സാങ്കേതിക ഉപദേശം: ചന്ദനം നടേണ്ട രീതി, സ്ഥലം, വളപ്രയോഗം എന്നിവയെക്കുറിച്ച് വനംവകുപ്പിലെ ഉദ്യോഗസ്ഥർ കർഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.
സംരക്ഷണം: നിങ്ങളുടെ പറമ്പിലുള്ള ചന്ദനമരങ്ങളുടെ കണക്കുകൾ വനംവകുപ്പിൽ രജിസ്റ്റർ ചെയ്യുന്നത് മോഷണം തടയാനും ഭാവിയിൽ മരം മുറിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും സഹായിക്കും.
ആധുനിക കൃഷിരീതികൾ
ഇപ്പോൾ ചന്ദനം വലിയ തോട്ടങ്ങളായി കൃഷി ചെയ്യുന്ന രീതിയും വർദ്ധിച്ചു വരുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 600 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ചന്ദനം നന്നായി വളരുന്നത്. എന്നാൽ കേരളത്തിലെ സമതല പ്രദേശങ്ങളിലും ഇത് വിജയകരമായി വളർത്താം. 15 മുതൽ 20 വർഷം കൊണ്ട് ചന്ദനമരം കാതൽ വെച്ച് തുടങ്ങും.
മരം മുറിക്കാൻ എന്തുചെയ്യണം?
നിങ്ങളുടെ പറമ്പിലെ ചന്ദനമരം വളർത്താൻ പൂർണ്ണ അധികാരം നിങ്ങൾക്കുണ്ടെങ്കിലും അത് മുറിക്കാൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്.
അപേക്ഷ നൽകുക: അതത് സ്ഥലത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അപേക്ഷ നൽകിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മരം മുറിക്കും.
കാരണങ്ങൾ: വീടിന് ഭീഷണിയാണെങ്കിലോ, മരം ചരിഞ്ഞു വീണാലോ, നിർമ്മാണ ആവശ്യങ്ങൾ ഉണ്ടെങ്കിലോ മരം മുറിക്കാൻ അനുമതി ലഭിക്കും.
മറയൂർ ഡിപ്പോ: മുറിച്ച മരം വേരടക്കം മഹസർ തയ്യാറാക്കി വനംവകുപ്പിന്റെ മറയൂർ ചന്ദന ഡിപ്പോയിൽ എത്തിക്കും. കേരളത്തിൽ ഇവിടെ മാത്രമാണ് ചന്ദന ഡിപ്പോയുള്ളത്.
മുൻപ് ചന്ദനമരത്തിന്റെ വിലയുടെ 70 ശതമാനം മാത്രമാണ് ഉടമസ്ഥന് ലഭിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ചെലവുകൾ കഴിച്ച് ബാക്കി തുക മുഴുവൻ ഉടമസ്ഥന് ലഭിക്കും. അതായത് വിപണി വിലയുടെ 95 ശതമാനം വരെ ഇപ്പോൾ ഉടമസ്ഥന് സ്വന്തമാക്കാം. ചന്ദനത്തിന്റെ വെള്ളയ്ക്ക് പോലും കിലോയ്ക്ക് 1500 രൂപയോളം വിലയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭൂപതിവ് ഭൂമി: പട്ടയം കിട്ടിയ ഭൂമിയിലെ ചന്ദനമരമാണെങ്കിൽ അതിന്റെ വില ഉടമസ്ഥന് ലഭിക്കില്ല. അത് സർക്കാർ ഭൂമി അല്ലെന്ന് തഹസിൽദാർ സാക്ഷ്യപ്പെടുത്തണം.
സ്വകാര്യ വിൽപ്പന പാടില്ല: വനംവകുപ്പിനെ അറിയിക്കാതെ സ്വകാര്യ വ്യക്തികൾക്ക് ചന്ദനം വിൽക്കുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മോഷണം പോയാൽ: വീട്ടുമുറ്റത്തെ മരം മോഷണം പോയാൽ ഉടൻ പോലീസിനെയോ വനംവകുപ്പിനെയോ അറിയിക്കണം. അല്ലെങ്കിൽ പിന്നീട് ഉടമസ്ഥൻ കുറ്റാരോപിതനാകാൻ സാധ്യതയുണ്ട്.
മൈസൂർ സാൻഡൽ സോപ്പ്, കോട്ടക്കൽ ആര്യവൈദ്യശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെല്ലാം മറയൂരിൽ നിന്നാണ് ലേലം വഴി ചന്ദനം വാങ്ങുന്നത്. ശരിയായ രീതിയിൽ സംരക്ഷിച്ചാൽ ഓരോ വീട്ടിലെയും ചന്ദനമരം ഭാവിയിലേക്കുള്ള വലിയൊരു സമ്പാദ്യമായി മാറും









Discussion about this post