ഇറാൻ സർക്കാരിന്റെ നയങ്ങൾക്കെതിരെയും അവകാശങ്ങൾക്കും വേണ്ടി ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ഈ പ്രതിഷേധം ദിവസങ്ങൾ പിന്നിടുന്നതനുസരിച്ച് അക്രമാസക്തമായ ഘട്ടത്തിലേക്കു നീങ്ങുകയാണ് . സംഘർഷങ്ങളിൽ ഇതുവരെ 2,500-ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ . സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ പല നഗരങ്ങളിലും ആഭ്യന്തര യുദ്ധത്തിന് സമാനമായ രീതിയിലേക്ക് മാറിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാനിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ അവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ വലിയ ആശങ്കയിലാണ്.
ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും (വിദ്യാർത്ഥികൾ, ബിസിനസുകാർ, വിനോദസഞ്ചാരികൾ) ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങണം. ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് പോകാൻ പദ്ധതിയിടുന്നവർ നിലവിലെ സാഹചര്യത്തിൽ യാത്ര പൂർണ്ണമായും ഒഴിവാക്കണം. അവിടെ തുടരുന്നവർ നിർബന്ധമായും എംബസിയിൽ വിവരങ്ങൾ അറിയിക്കുകയും സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയും വേണം.
പലയിടങ്ങളിലും ഇന്റർനെറ്റും ഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇത് സഹായം അഭ്യർത്ഥിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും തടസ്സമാകുന്നു. പ്രക്ഷോഭം എന്ന് അവസാനിക്കുമെന്നോ സമാധാനം എന്ന് തിരികെ വരുമെന്നോ പറയാൻ പറ്റാത്ത സാഹചര്യമാണ്. സംഘർഷം കടുക്കുകയാണെങ്കിൽ വിമാനത്താവളങ്ങൾ അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് “ഉടൻ രാജ്യം വിടുക” എന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ ഇറാനിൽ ജോലി ചെയ്യുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യം ഉണ്ടായാൽ ഇവരെ ഒഴിപ്പിക്കുന്നത് വലിയ വെല്ലുവിളിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. ഇതിനായി പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകൾ (+98 9128109115, +98 9128109109) എംബസി പുറത്തിറക്കിയിട്ടുണ്ട്.
പ്രക്ഷോഭകാരികൾക്ക് സഹായവുമായി അമേരിക്ക ഉടൻ എത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇത് മിഡിൽ ഈസ്റ്റിൽ ഒരു വലിയ യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.പ്രക്ഷോഭത്തിൽ പങ്കെടുത്ത 26 വയസ്സുകാരനായ ഇർഫാൻ സോൾട്ടാനിയെ ഇന്ന് തൂക്കിലേറ്റാൻ ഇറാൻ ഭരണകൂടം ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് കുടുംബത്തെ കാണാൻ വെറും 10 മിനിറ്റ് മാത്രമാണ് അധികൃതർ അനുവദിച്ചത്.
ഇറാനിൽ വധശിക്ഷകൾ നടപ്പാക്കിയാൽ ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടവുമായുള്ള എല്ലാ ചർച്ചകളും ട്രംപ് റദ്ദാക്കി.













Discussion about this post