ദോഹ : ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നു. ഇറാൻ ആക്രമണത്തിനായി യുഎസ് മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ സൈന്യത്തെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ തമ്പടിച്ചിരിക്കുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥർക്ക് ഇന്ന് വൈകുന്നേരത്തോടെ പ്രദേശം വിട്ടുപോകാൻ യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം യുഎസ് സർക്കാരും ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് കരമാർഗം അയൽ രാജ്യങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാനെ ആക്രമിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ ഭീഷണികൾക്കിടയിൽ മിഡിൽ ഈസ്റ്റിൽ ആശങ്ക വർധിക്കുകയാണ്.
അതേസമയം, ഇറാനെ ആക്രമിക്കുന്നതിനായി അമേരിക്കയ്ക്ക് അവസരമൊരുക്കി നൽകിയാൽ മേഖലയിലെ യുഎസ് പങ്കാളികൾ ആക്രമിക്കപ്പെടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ ഏതൊരു യുഎസ് ആക്രമണത്തിനും പിന്തുണ നൽകുന്ന രാജ്യങ്ങൾ ‘നിയമാനുസൃതമായ ലക്ഷ്യങ്ങളായിരിക്കുമെന്ന്’ ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ ആണ് അറിയിച്ചത്. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ പ്രാദേശിക രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ആണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നത്.










Discussion about this post