തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച പാക്കറ്റ്) അര ലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് ഡബിൾ ടോൺഡ് (മഞ്ഞ പാക്കറ്റ്) അര ലീറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായും വർദ്ധിപ്പിച്ചു.
നിരക്ക് വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം, വില വർധന സർക്കാർ അറിഞ്ഞ കാര്യമല്ലെന്ന വിചിത്ര വാദവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രംഗത്ത് വന്നു.
കഴിഞ്ഞ ഡിസംബർ ഒന്നിന് സംസ്ഥാനത്ത് മിൽമ പാൽ, നെയ്യ്, തൈര് ഉള്‍പ്പെടെയുള്ളവയ്ക്ക് വില വർദ്ധിപ്പിച്ചിരുന്നു. ലിറ്ററിന് ആറ് രൂപയായിരുന്നു പാലിന് കൂട്ടിയത്. മില്‍മയുടെ എല്ലായിനം പാല് വിഭാഗങ്ങള്‍ക്കും അര ലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വെച്ചായിരുന്നു അന്ന് കൂട്ടിയത്.
Discussion about this post