കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത് അദ്ദേഹം കേരളത്തിലെ യുവജനതയുമായി സംവദിക്കും.
വൈകീട്ട് 5.30നു തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണ് ‘യുവം 2023’ സംഗമം. വിവിധ മേഖലകളിലെ യുവാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നു സംഘാടകർ പറഞ്ഞു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമടക്കം ഒന്നര ലക്ഷം പേർ ഇതിനകം റജിസ്റ്റർ ചെയ്തതായാണ് വിവരം.
മോദിക്കൊപ്പം സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും പരിപാടിക്കെത്തും. മലയാളത്തിലെ യുവതാരങ്ങളും ഉണ്ടാകും. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആവശ്യങ്ങളും യുവാക്കളിൽനിന്നു പ്രധാനമന്ത്രി തേടും. അവരുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകും. ഇന്ന് വൈകീട്ട് മെഗാ റോഡ് ഷോയും നടത്തും.
പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗതനിയന്ത്രണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പരിപാടിക്ക് ശേഷം രാത്രി 8ന് വില്ലിങ്ഡൻ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ വെച്ച് പ്രധാനമന്ത്രി കൊച്ചിയിൽ വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് അദ്ദേഹം തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും പ്രധാനമന്ത്രി തുടക്കം കുറിക്കും.
Discussion about this post