മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിലും രാഷ്ട്രീയം തിരുകി കയറ്റി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാറിൻ്റെ മരണത്തിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചിരിക്കുകയാണ് മമത . ബാരമതിയിലുണ്ടായ വിമാനാപകടത്തെക്കുറിച്ച് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും അവയെല്ലാം ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് വിട്ടുവീഴ്ച ചെയ്തവരാണെന്നും മമത ആരോപിച്ചു.
അജിത് പവാർ ബിജെപി വിടാൻ തയ്യാറെടുക്കുകയായിരുന്നു എന്ന് അവകാശപ്പെട്ടാണ് മമത ഗൂഢാലോചന ആരോപണം ഉന്നയിച്ചത്. “രണ്ടു ദിവസം മുൻപ് അദ്ദേഹം ബിജെപി വിടാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു പാർട്ടിയുടെ നേതാവ് പ്രസ്താവന നടത്തിയിരുന്നു. തന്റെ അമ്മാവൻ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലേക്ക് അദ്ദേഹം തിരികെ പോകാൻ ഒരുങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ഇത്തരമൊരു അപകടമുണ്ടായത്. ഇത് വലിയ സംശയങ്ങൾക്കിടയാക്കുന്നു” എന്നാണ്- മമത പറഞ്ഞത്.
മമതയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി എംപി കങ്കണ റണാവത്ത് രംഗത്തെത്തി. ഇത്രയും വലിയൊരു ദുരന്തമുണ്ടായ സമയത്ത് ഇത്തരം ‘ചീപ്പ്’ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും കുറച്ചുകൂടി സംയമനം പാലിക്കണമെന്നും കങ്കണ പറഞ്ഞു. പാർലമെന്റിൽ പല നേതാക്കളും ഹെലികോപ്റ്ററിലും വിമാനത്തിലുമാണ് യാത്ര ചെയ്യുന്നത്. അപകടത്തെക്കുറിച്ച് ദുഃഖിക്കുന്ന വേളയിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത് മമതയുടെ തരംതാഴ്ന്ന രീതിയാണെന്നും കങ്കണ പരിഹസിച്ചു.അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ താൽപ്പര്യമുള്ള ഇത്തരം വിഷയങ്ങളിൽ പ്രതിപക്ഷം രാഷ്ട്രീയം കലർത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ബുധനാഴ്ച രാവിലെ 8:45-ഓടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 വിമാനം ബാരമതി വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. അജിത് പവാറിനെക്കൂടാതെ പൈലറ്റുമാരും ജീവനക്കാരുമുൾപ്പെടെ അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. പ്രാദേശിക നേതാക്കളും അനുയായികളും മൃതദേഹം തിരിച്ചറിഞ്ഞത് അജിത് പവാർ ധരിച്ചിരുന്ന വാച്ച് നോക്കിയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.










Discussion about this post