കൊടുംതണുപ്പിലും ആഹാരമില്ലാതെ നാലുദിവസം തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കാവൽ നിന്ന ‘ജോനു’ എന്ന പിറ്റ്ബുൾ നായ ഇപ്പോൾ ഹിമാചൽ പ്രദേശിന്റെ നൊമ്പരമായി മാറുകയാണ്. ഹിമാചലിലെ ചമ്പ ജില്ലയിൽ മഞ്ഞുവീഴ്ചയിൽപ്പെട്ട് മരിച്ച വിക്ഷിത് (19), പിയൂഷ് (13) എന്നീ സഹോദരങ്ങൾക്കൊപ്പമാണ് നാലുദിവസം ജോനു മഞ്ഞിൽ ഉറച്ചുനിന്നത്. തിങ്കളാഴ്ച വ്യോമസേനയുടെ ഹെലികോപ്റ്റർ മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ, പാതി തളർന്ന അവസ്ഥയിലും തന്റെ യജമാനന്മാർക്ക് കാവലായി നിൽക്കുന്ന ജോനുവിനെയാണ് രക്ഷാപ്രവർത്തകർ കണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൽക്കോട്ട ഗ്രാമവാസികളായ വിക്ഷിതും പിയൂഷും വ്ലോഗ് ചിത്രീകരിക്കുന്നതിനായി ബാർമണി മലനിരകളിലേക്ക് പോയത്. ഇവർക്കൊപ്പം ജോനുവും മറ്റൊരു പിറ്റ്ബുൾ നായയുമുണ്ടായിരുന്നു. എന്നാൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇവർ മലമുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു. വെള്ളിയാഴ്ച വിക്ഷിത് വീട്ടിലേക്ക് അവസാനമായി വിളിച്ചിരുന്നു. തണുപ്പ് കാരണം വിരലുകൾ അനക്കാൻ വയ്യെന്നും പിയൂഷ് അവശനാണെന്നും വിക്ഷിത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായി.
മൂന്നടിയോളം ഉയരത്തിൽ മഞ്ഞ് മൂടിക്കിടന്ന മലനിരകളിൽ എസ്.ഡി.ആർ.എഫും പോലീസും തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ തടസ്സമായി. ഒടുവിൽ തിങ്കളാഴ്ച വ്യോമസേന നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് മാറാൻ ജോനു ആദ്യം തയ്യാറായില്ല. രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് നായയെ അവിടെനിന്ന് മാറ്റിയത്. രണ്ടാമത്തെ പിറ്റ്ബുൾ നായയെക്കുറിച്ച് ഇതുവരെ വിവരമില്ല.
വർഷങ്ങൾക്ക് മുൻപ് വിക്ഷിതിന്റെ പിതാവ് സമ്മാനമായി നൽകിയതാണ് ജോനുവിനെ. ഇവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ജോനു വളർന്നത്. എവിടെപ്പോയാലും ഈ നായകൾ ഇവരെ പിന്തുടരുമായിരുന്നു. യജമാനന്മാർ മരിച്ചുവെന്നറിയാതെ അവർ എപ്പോഴെങ്കിലും ഉണരുമെന്ന പ്രതീക്ഷയിലാകാം ജോനു ആ തണുപ്പിലും അവിടെത്തന്നെ നിന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ചൊവ്വാഴ്ച വിക്ഷിതിന്റെയും പിയൂഷിന്റെയും സംസ്‌കാരം നടന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.










Discussion about this post