സോഷ്യൽമീഡിയയിൽ ഷവോമിയുടെ ഒരു ഫാക്ടറി വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻതോതിൽ പ്രചരിക്കുന്നുണ്ട്. മനുഷ്യരില്ലാത്ത, പൂർണ്ണമായും റോബോട്ടുകൾ നിയന്ത്രിക്കുന്ന, ഇരുട്ടിലും പ്രവർത്തിക്കുന്ന ഒരു അത്ഭുത ഫാക്ടറിയാണിതെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. എന്നാൽ ഇതിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം.
ഇരുട്ടിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഫാക്ടറിയിൽ ഓരോ സെക്കൻഡിലും ഓരോ സ്മാർട്ട്ഫോൺ നിർമ്മിക്കപ്പെടുന്നു എന്ന അവകാശവാദവുമായാണ് വീഡിയോ എക്സ് (X), ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ വൈറലായത് .മനുഷ്യരായ തൊഴിലാളികൾ ആരും തന്നെ ഇവിടെയില്ല.എന്നൊക്കെയാണ് റിപ്പോർട്ടുകളിൽ അവകാശപ്പെടുന്നത്.
യഥാർത്ഥ വസ്തുത എന്താണ്?
സോഷ്യൽമീഡിയകളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ ഷവോമി 2020-ൽ പുറത്തിറക്കിയ ഒരു കൺസെപ്റ്റ് വീഡിയോ ആണ്. അന്ന് അങ്ങനെയൊരു ഫാക്ടറി നിലവിലുണ്ടായിരുന്നില്ല, പകരം ഭാവിയിൽ ഇത്തരമൊരു സംവിധാനം എങ്ങനെയായിരിക്കുമെന്ന് കാണിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ, 2024-ഓടെ ഷവോമി സമാനമായ സാങ്കേതികവിദ്യയുള്ള ഒരു സ്മാർട്ട് ഫാക്ടറി ചാങ്‌പിംഗിൽ സ്ഥാപിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.
അതേസമയം സ്മാർട്ട് ഫാക്ടറി യാഥാർത്ഥ്യമാണ്. 2024 ഫെബ്രുവരിയിൽ ചൈനയിലെ ബീജിംഗിൽ ഷവോമി ഇത്തരമൊരു സ്മാർട്ട് ഫാക്ടറി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. മിക്സ് ഫോൾഡ് 4 (MIX Fold 4), മിക്സ് ഫ്ലിപ്പ് (MIX Flip) തുടങ്ങിയ ഫോണുകൾ ഇവിടെയാണ് നിർമ്മിക്കുന്നത്. റോബോട്ടുകൾ വൻതോതിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, മെയിന്റനൻസ്, സോഫ്റ്റ്‌വെയർ മാനേജ്‌മെന്റ്, ഗുണനിലവാര പരിശോധന തുടങ്ങിയ കാര്യങ്ങൾക്കായി മനുഷ്യരുടെ സേവനം ഇവിടേയും ആവശ്യമാണ്.
ഒരു സെക്കൻഡിൽ ഒരു ഫോൺ നിർമ്മിക്കുന്നു എന്ന പ്രചാരണം അതിശയോക്തിപരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം മൂന്ന് മുതൽ ആറ് സെക്കൻഡിനുള്ളിൽ ഒരു ഫോൺ എന്ന നിലയിലാണ് നിലവിലെ നിർമ്മാണ വേഗത. വർഷത്തിൽ ഒരു കോടിയിലധികം സ്മാർട്ട്ഫോണുകൾ നിർമ്മിക്കാൻ ശേഷിയുള്ള അത്യാധുനിക റോബോട്ടിക് കൈകളും എഐ അധിഷ്ഠിത പരിശോധനാ സംവിധാനങ്ങളും ഇവിടെയുണ്ട്. കൃത്യതയും വേഗതയും വർദ്ധിപ്പിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കുമെങ്കിലും, സങ്കീർണ്ണമായ സ്മാർട്ട്ഫോൺ നിർമ്മാണം പൂർണ്ണമായും മനുഷ്യരില്ലാതെ സാധ്യമാക്കാൻ ഇനിയും സമയമെടുക്കും.
ചുരുക്കത്തിൽ, വൈറലായ വീഡിയോ പഴയതാണെങ്കിലും, അത്തരമൊരു സാങ്കേതികവിദ്യയിലേക്ക് ഷവോമി ഇതിനോടകം തന്നെ ചുവടുവെച്ചു കഴിഞ്ഞു. ഐടി രംഗത്തും ഫാക്ടറികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) റോബോട്ടുകളും വരുത്തുന്ന മാറ്റങ്ങളുടെ ഒരു വലിയ ഉദാഹരണമാണിത്.









Discussion about this post