ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് അൻപതാം പിറന്നാൾ. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് പത്ത് വർഷമായെങ്കിലും ഇന്നും സച്ചിൻ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും മനസിലേക്ക് ഓടിവരിക ഗാലറിയിൽ നിന്ന് മുഴങ്ങുന്ന സച്ചിൻ… സച്ചിൻ വിളികളായിരിക്കും.
” ഈ മനുഷ്യൻ ബാറ്റ് ചെയ്യുമ്പോഴെല്ലാം എന്തുകൊണ്ടാണ് എന്റെ രാജ്യത്തിന്റെ ജിഡിപി 5% കുറയുന്നത്” അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഒരിക്കൽ പറഞ്ഞതാണിത്. സമയത്തെ നിർത്തുന്നയാളല്ല, മറിച്ച് സമയം ഇപ്പോഴും മുന്നേട്ട് പോകുകയാണെന്ന് മറക്കാൻ അവസരമുണ്ടാക്കുന്ന എന്തോ ഒന്ന് ഇയാളിലുണ്ട്.
വിരമിച്ച് പത്ത് വർഷമായെങ്കിലും സച്ചിന്റെ പല റെക്കോർഡുകളും ഇന്നും ആർക്കും തകർക്കാനായിട്ടില്ല… എതിരാളികളില്ലാത്ത നായകൻ തന്നെ.
ബാറ്റിംഗിൽ വിസ്മയങ്ങൾ തീർത്ത സച്ചിൻ, എന്നാൽ കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചത് തന്റെ ബൗളിംഗ് മികവ് കൊണ്ടായിരുന്നു. 1998 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മാച്ചിൽ എല്ലാവരെയും കബളിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സച്ചിന്റെ പ്രകടനം.
അന്ന് സച്ചിൻ വെറും എട്ട് റൺസിന് പുറത്തായി. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് ഇന്ത്യ പടുത്തുയർത്തിയെങ്കിലും വിജയലക്ഷ്യത്തിലേക്ക് ഒസീസ് തകർത്തടിച്ച് തുടങ്ങി. 11 ഓവറിൽ ഓസീസ് 100 കടന്നതോടെ മത്സരം കൈവിട്ടെന്ന് തന്നെ തോന്നി. മാർക്ക് വോയും ആദം ഗിൽക്രിസ്റ്റും ചേർന്ന ഓപ്പണേഴ്‌സ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചെങ്കിലും, ഇവരെ പുറത്താക്കാനായി.
പിന്നീടാണ് സച്ചിൻ മാജിക്. സ്റ്റീവ് വോയെ ഒരു റിട്ടേൺ ക്യാച്ചിലൂടെ മടക്കിയ സച്ചിൻ ഡാരൻ ലേമാന്റെ വിക്കറ്റുമെടുത്തു. മൈക്കൽ ബെവനെ വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ടോം മൂഡിയേയും ഡാമിയൻ മാർട്ടിനെയും കൂടി മടക്കിയ സച്ചിൻ ഇതോടെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 10 ഓവറിൽ 32 റൺസ് മാത്രം വഴങ്ങിയാണ് സച്ചിൻ അഞ്ച് വിക്കറ്റുകൾ എറിഞ്ഞിട്ടത്. അന്ന് ഓസീസിനെതിരേ 41 റൺസിനായിരുന്നു ഇന്ത്യൻ വിജയം.










