തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധന ഈ മാസം മുതല്‍ നടപ്പാക്കും. ഇന്നലെ തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും സമ്മര്‍ദ്ദത്തിന് തോട്ടമുടമകള്‍ വഴങ്ങുകയായിരുന്നു.
തേയിലയ്ക്കും കാപ്പിക്കും 232 ല്‍ നിന്ന് 301 രൂപയും ഏലത്തിന് 267ല്‍ നിന്ന് 330 രൂപയും റബ്ബറിന് 317 ല്‍ നിന്ന് 381 രൂപയുമായാണ് വര്‍ദ്ധിക്കുക. ഒക്ടോബര്‍ 14ന് ചേര്‍ന്ന യോഗതീരുമാനപ്രകാരമുള്ള കൂലിവര്‍ധന നവംബറില്‍ പ്രാബല്യത്തില്‍ വരുത്താമെന്ന് ഉടമകള്‍ സമ്മതിച്ചതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഇതുപ്രകാരം ചൊവ്വാഴ്ച തന്നെ എല്ലാ തോട്ടത്തിലും കൂലി വര്‍ധന സംബന്ധിച്ച നോട്ടീസ് ഇറക്കും. വര്‍ധനക്ക് മുന്‍കാല പ്രാബല്യമുണ്ടാകുമെങ്കിലും എന്നുമുതല്‍ നടപ്പില്വരുമെന്നത് അടുത്ത പി.എല്‍.സി യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
നേരത്തെ, വര്‍ദ്ധിപ്പിച്ച കൂലിയും ബോണസും നല്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് തോട്ടം ഉടമകള്‍ പിന്മാറിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ റബര്‍, തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച നിരക്കില്‍ കൂലി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി അസോസിയേഷന് ഓഫ് പ്ളാന്‍േറഴ്സ് കേരള ചെയര്മാന് സി. വിനയരാഘവനാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അവസാന പി.എല്‍.സി യോഗത്തില്‍ കൂലി വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിനെ സഹായിക്കാനാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post