ജിദ്ദ: വിജയകരമായി മുന്നേറുന്ന സുഡാൻ രക്ഷാദൗത്യത്തിൽ പങ്കാളികളായ സംഘാംഗങ്ങളെ അഭിനന്ദനം അറിയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മൂന്ന് സംഘങ്ങളിലായി 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് സുമേധ, വ്യോമസേനയുടെ സി-130 വിമാനങ്ങൾ എന്നിവയിലാണ് ‘ഓപ്പറേഷൻ കാവേരി’ പുരോഗമിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിന് മുൻപുള്ള വിശ്രമകേന്ദ്രത്തിലും എല്ലാ സൗകര്യങ്ങളും സജ്ജമാണെന്നും മുരളീധരൻ വ്യക്തമാക്കി. സംഘത്തെ ജിദ്ദയിൽ സ്വീകരിച്ച വി.മുരളീധരൻ സംഘത്തിന്റെ ഇന്ത്യയിലേക്കുള്ള യാത ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു. രക്ഷാദൗത്യവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎൻഎസ് സുമേധ ജിദ്ദ തുറമുഖത്ത് എത്തിയത്. വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. സുഡാനിൽ നിന്ന് എത്തിയവർ കയ്യടികളോടെയാണ് രക്ഷാപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തിയത്. ഐഎൻഎസ് സുമേധയ്ക്ക് പിന്നാലെയാണ് വ്യോമസേനയുടെ സി 130 വിമാനത്തിൽ കൂടുതൽ ഇന്ത്യക്കാർ ജിദ്ദയിലെത്തിയത്.
ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലാണ് നിലവിൽ ഇവർക്ക് താത്കാലിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. എത്രയും വേഗം തന്നെ ഇവരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും. കൂടുതൽ ഇന്ത്യക്കാരെ സുഡാനിൽ നിന്ന് പുറത്തെത്തിക്കുന്നതിനായി നേവിയുടെ ഐഎൻഎസ് തേഗ് പോർട് സുഡാനിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോർട്ട് സുഡാനിൽ നിന്ന് കൂടുതൽ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post