ന്യൂഡൽഹി : റിലയൻസ് ജിയോയും വാർണർ ബ്രദേഴ്‌സും ചേർന്ന് പുതിയ കരാറിൽ ഒപ്പുവെച്ചു. ഇത് പ്രകാരം, രാജ്യത്ത് എച്ച്ബിഒ, വാർണർ ബ്രദേഴ്‌സ് എന്നിവയിലെ കണ്ടന്റുകളെല്ലാം ജിയോ സിനിമ ആപ്പിൽ ലഭിക്കും. മെയ് മാസം മുതലാണ് പുതിയ കരാർ പ്രാബല്യത്തിൽ വരിക.
ഗെയിം ഓഫ് ത്രോൺസ്, ലോർഡ് ഓഫ് ദി റിംഗ്‌സ്, ഹാരി പോട്ടർ തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളും സീരീസുകളും എച്ച്ബിഒയുടെ കണ്ടന്റുകളാണ്. ഇവയെല്ലാം ഇനി ജിയോ സിനിമയിൽ ലഭ്യമാകും. നേരത്തെ ഡിസ്‌നി ഹോട്ട്‌സ്റ്റാറിലാണ് ഇവ സ്ട്രീമിംഗ് ചെയ്തിരുന്നത്. ഇത് കൂടാതെ
ഹൗസ് ഓഫ് ദി ഡ്രാഗൺ, ദി ലാസ്റ്റ് ഓഫ് അസ്, യൂഫോറിയ, ദി വൈറ്റ് ലോട്ടസ് തുടങ്ങിയ എച്ച്ബിഒ സീരീസുകളുടെ നിലവിലെയും ഭാവിയിലെയും സീസണുകളും ഇതിലൂടെ കാണാനാകും.
ഹോട്ട്സ്റ്റാറുമായുള്ള കരാർ അവസാനിച്ചതോടെ എച്ച്ബിഒ കണ്ടെന്റുകളെല്ലാം ഇന്ത്യയിലെ പ്രേക്ഷകർക്ക് നഷ്ടപ്പെട്ടിരുന്നു. എച്ച്ബിഒ മാക്‌സിന് ഇതുവരെ ഇന്ത്യയിൽ പ്രത്യേകം സ്ട്രീമിങ് സർവീസ് ഇല്ലായിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം ഇവയെല്ലാം നേരിട്ട് ജിയോസിനിമ ആപ്പിലൂടെ സ്ട്രീം ചെയ്യും.










