ന്യൂഡൽഹി: എട്ട് ലക്ഷം ഫോളോവേഴ്‌സ് ഉളള ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വനിതയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച 20 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സൈബർ കുറ്റകൃത്യ പ്രകാരം രജിസ്റ്റർ ചെയ്ത പരാതിയിലാണ് അറസ്റ്റ്. ജാമിയ നഗർ നിവാസിയായ ജുനെദ് ബെഗ് ആണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അസഭ്യമായ കണ്ടെന്റുകളാണെന്ന് തെറ്റായി റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യിക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ ഇക്കാര്യം പരസ്യമാക്കിയതോടെയാണ് സാം എന്ന പേരിൽ ഒരാൾ അക്കൗണ്ട് നേരെയാക്കി തരാമെന്ന് പറഞ്ഞ് വാട്‌സ്ആപ്പ് മെസേജിലൂടെ സമീപിച്ചത്.
ആദ്യം 10,000 രൂപ വാങ്ങി. പിന്നീട് കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇല്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് ആയിരുന്നു ഭീഷണി. ഇവർ പിന്നീട് 80,000 രൂപ കൂടി നൽകി. ഇയാൾ പറഞ്ഞതിൻ പ്രകാരം പല ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തുക നൽകിയത്.
ദ്വാരക സൈബർ സെൽ പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ പിടികൂടി ഇയാളുടെ കൈയ്യിൽ നിന്നും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇയാൾ ഇത്തരത്തിൽ മറ്റ് അക്കൗണ്ട് ഉടമകളെയും കബളിപ്പിച്ചതായി പോലീസ് പറയുന്നു. കൂടുതൽ ഫോളോവേഴ്‌സ് ഉളള അക്കൗണ്ടുകളാണ് ടാർഗറ്റ് ചെയ്യുന്നത്. സംഭവത്തെ തുടർന്ന് പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.









