മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. 56 റൺസിനാണ് ലഖ്നൗ പഞ്ചാബിനെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനറങ്ങിയ ലഖ്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ പോരാട്ടം 19.5 ഓവറിൽ 201 റൺസിൽ ഒതുങ്ങി. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ന് ലഖ്നൗ പഞ്ചാബിനെതിരെ നേടിയത്.
40 പന്തിൽ 72 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും 24 പന്തിൽ 54 റൺസെടുത്ത ഓപ്പണർ കൈൽ മെയേഴ്സും ചേർന്നാണ് ലഖ്നൗവിന് വമ്പൻ സ്കോർ സമ്മാനിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും റൺ നിരക്ക് താഴാതെ കാക്കാൻ ലഖ്നൗ ബാറ്റ്സ്മാന്മാർക്ക് സാധിച്ചു. 19 പന്തിൽ 45 റൺസ് നേടിയ നിക്കോളാസ് പുരാനും 24 പന്തിൽ 43 റൺസ് നേടിയ ആയുഷ് ബദോനിയും ലഖ്നൗവിന്റെ നയം വ്യക്തമാക്കി.
4 ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത രാഹുൽ ചഹാർ ഒഴികെ മറ്റെല്ലാ പഞ്ചാബ് ബൗളർമാരും നന്നായി തല്ല് വാങ്ങി. റബാഡക്ക് 2 വിക്കറ്റ് ലഭിച്ചു.
ചേസിംഗിൽ ഭേദപ്പെട്ട പോരാട്ടം കാഴ്ചവെക്കാൻ പഞ്ചാബ് ശ്രമിച്ചുവെങ്കിലും ലഖ്നൗവിന്റെ റൺമല ഒരു ഘട്ടത്തിലും അവർക്ക് പ്രാപ്യമായി തോന്നിയില്ല. 36 പന്തിൽ 66 റൺസെടുത്ത അഥർവ തായ്ദെയും 36 റൺസെടുത്ത സിക്കന്ദർ റാസയും പഞ്ചാബിന് വേണ്ടി പൊരുതി നോക്കി. എന്നാൽ മികച്ച സ്കോർ പ്രതിരോധിച്ച ലഖ്നൗ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ, പഞ്ചാബ് തോൽവി സമ്മതിക്കുകയായിരുന്നു.
ലഖ്നൗവിന് വേണ്ടി യാഷ് ഠാക്കൂർ 4 വിക്കറ്റ് വീഴ്ത്തി. നവീൻ ഉൾ ഹഖിന് 3 വിക്കറ്റും രവി ബിഷ്ണോയിക്ക് 2 വിക്കറ്റും ലഭിച്ചു. ധവാന്റെ വിക്കറ്റെടുത്ത ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് വിരലിന് പരിക്കേറ്റ് ഓവർ പൂർത്തിയാക്കാനാകാതെ മടങ്ങിയത് ലഖ്നൗവിന് ആശങ്ക ഏറ്റുന്നുണ്ട്.








