കോട്ടയം: അഴിമതി തടയാനെത്തിയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റവുമായി സിപിഎം പഞ്ചായത്തംഗം.കോട്ടയം വിജയപുരം പഞ്ചായത്തിലാണ് സംഭവം. അനർഹർക്ക് കട്ടിൽ വിതരണം നടത്തുന്നത് തടഞ്ഞ് ഇന്റഗ്രേറ്റഡ് ചെൽഡ് ഡവലപ്‌മെന്റ് സർവീസ് സൂപ്പർവൈസറെയാണ് ആക്രമിച്ചത്. തടഞ്ഞ അങ്കണവാടി ജീവനക്കാരെയും മർദ്ദിച്ചിട്ടുണ്ട്. സിപിഎം വാർഡ് അംഗം പി.ടി. ബിജു കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.
പഞ്ചായത്തിലെ വയോജനങ്ങൾക്കായി മാങ്ങാനം ആശ്രാമം വാർഡിലെ അങ്കണവാടിയിൽ കഴിഞ്ഞദിവസം കട്ടിൽ വിതരണം സംഘടിപ്പിച്ചിരുന്നു.ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനു നൽകാൻ കട്ടിൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു, പി.ടി ബിജു.
എന്നാൽ, പട്ടികയിൽ പേര് ഇല്ലാത്തവർക്കും മതിയായ രേഖകൾ ഇല്ലാത്തവർക്കും കട്ടിൽവിതരണം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയതോടെ, ബിജു അസഭ്യ വർഷം നടത്തി കൈയിൽ പിടിച്ചു തിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥ ആരോപിക്കുന്നു. ജോലി തെറിപ്പിക്കും എന്ന് ആക്രോശിച്ചായിരുന്നു അതിക്രമമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
അതേമയം അങ്കണവാടി ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചായത്തിനു മുന്നിൽ ഇന്നലെ പള്ളം ഡിവിഷനിലെ അങ്കണവാടി ജീവനക്കാർ ധർണ നടത്താൻ തീരുമാനിച്ചെങ്കിലും പാർട്ടിയുടെ മഹിളാ സംഘടന ഇടപെട്ട് ജീവനക്കാരെയെല്ലാം പിന്തിരിപ്പിച്ചതായും ആരോപണമുണ്ട്.
Discussion about this post