കാലടി : വിഭാഗീയതയെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറിയെ നടുറോഡിലിട്ട് മർദ്ദിച്ച് പ്രവർത്തകർ. മലയാറ്റൂർ നീലീശ്വരത്താണ് സംഭവം. പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിക്കുകയായിരുന്നു. അടികൊണ്ട ലോക്കൽ സെക്രട്ടറി ഓഫീസിലേക്ക് ഓടിക്കയറി.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. പാർട്ടിക്കുള്ളിൽ ഉണ്ടായ വിള്ളലിനെ തുടർന്നാണ് മറ്റ് പ്രവർത്തകർ ചേർന്ന് ലോക്കൽ സെക്രട്ടറിയെ അതിക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, പാർട്ടിക്ക് അപമാനമായതിനാൽ പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല.
അടുത്ത ദിവസം തന്നെ സെക്രട്ടറി സ്ഥാനം ഒഴിയാൻ താൻ തയ്യാറാണെന്ന് ഇയാൾ അറിയിച്ചെങ്കിലും പാർട്ടിയുടെ ഉന്നത നേതാക്കൾ സംരക്ഷിക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
ഏറെ നാളായി മലയാറ്റൂർ മേഖലയിലെ സിപിഎമ്മിൽ വിഭാഗീയത തുടരുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അടയ്‌ക്കേണ്ട തൊഴിലാളികളുടെ ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ലോക്കൽ സെക്രട്ടറി.
Discussion about this post