കൊച്ചി: ഐഎസ് ഉൾപ്പെടെയുളള ഭീകര സംഘടനകളിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥ ചർച്ച ചെയ്യുന്ന ദ് കേരള സ്റ്റോറി സിനിമയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം കാറ്റിൽ പറത്തി പ്രേക്ഷകർ. നാല് ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലർ ഇതുവരെ ഒന്നരകോടിയിലധികം ആളുകൾ യൂട്യൂബിൽ കണ്ടുകഴിഞ്ഞു. രാഷ്ട്രീയനേട്ടത്തിനായി സിനിമ വിലക്കണമെന്ന് ആവശ്യപ്പെടുന്നവർക്കുളള വലിയ തിരിച്ചടിയാണിത്.
ബുധനാഴ്ചയാണ് സിനിമയുടെ ട്രെയിലർ സൺഷൈൻ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ പുറത്തിറക്കിയത്. ഇതിനോടകം 15,067,809 ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. രാഷ്ട്രീയനേട്ടത്തിനായി കേരളത്തിൽ സിനിമ വിലക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് സിനിമയുടെ ട്രെയിലറിന് ഇത്ര വലിയ സ്വീകാര്യത ലഭിച്ചത്.
ഇന്ത്യയ്‌ക്കെതിരെ ആസൂത്രണം ചെയ്യപ്പെട്ട അപകടകരമായ ഗൂഢാലോചനയുടെ വെളിപ്പെടുത്തലാണ് സിനിമയെന്ന വിവരണത്തോടെയാണ് അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥ യോജിപ്പിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ട്രെയിലറിന് ലഭിച്ച വലിയ സ്വീകാര്യതയിൽ സംവിധായകൻ സുദീപ്‌തോ സെൻ സന്തോഷം പ്രകടിപ്പിച്ചു. ഈ സിനിമ നിങ്ങളുടേതാണെന്നും വലിയ താരമൂല്യമോ വമ്പൻ സ്റ്റുഡിയോ സംവിധാനമോ ഇല്ലാതിരുന്നിട്ടുകൂടിയാണ് ട്രെയിലറിന് ഇത്ര വലിയ വരവേൽപ് ലഭിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സിനിമ കാണാൻ എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
മെയ് അഞ്ചിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം തിയറ്ററുകളിൽ എത്തും. കേരളത്തിൽ ഇതിനകം ചർച്ചയായ സിനിമയുടെ പ്രൊഡ്യൂസർ വിപുൽ അമൃത് ലാൽ ഷാ ആണ്.











