തിരുവനന്തപുരം : ദി കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്‌കരമാകുമ്പോൾ എന്തിനാണ് വേവലാതി എന്ന് അദ്ദേഹം ചോദിച്ചു. കേരള സ്‌റ്റോറിയിൽ സംഘപരിവാർ അജണ്ട ഇല്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കക്കുകളി നാടകം ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് പറയുന്നവർ സിനിമയെ എതിർക്കുന്നത് എന്തിനാണെന്നും കെ സുരേന്ദ്രൻ ആരാഞ്ഞു. സിനിമയെ സിനിമയായി കണ്ടാൽ പോരെ. ആവിഷ്‌കര സ്വാതന്ത്രത്തിൻറെ പേരിൽ ക്രിസ്ത്യാനികളെ അപമാനിക്കുന്ന കക്കുകളി നാടകത്തിന് അനുമതി കൊടുത്തവർ കേരളാ സ്റ്റോറിയെ എന്തിന് എതിർക്കുന്നു. ഐഎസ്‌ഐഎസിലേക്ക് പോയവരുടെ എണ്ണത്തെ കുറിച്ചാണ് തർക്കമെങ്കിൽ പിണറായി വിജയൻ അതിന് മറുപടി പറയട്ടെയുന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സെൻസർ ബോർഡിന്റെ അനുമതി കിട്ടിയാൽ എവിടെയും സിനിമ നടത്തും. അത് ഡി.വൈ.എഫ്.യുടെ ഓഫീസിൽനിന്നല്ല, യൂത്ത് ലീഗിന്റെ ഓഫീസിൽനിന്നുമല്ല. അത് സെൻസർ ബോർഡ് ഓഫ് ഇന്ത്യയാണ് കൊടുക്കുന്നത്. മറ്റുസിനിമകളും നാടകങ്ങളുമെല്ലാം വന്നപ്പോൾ അതെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ എന്തിനാണ് വരുന്നതെന്ന് അറിയാനാണ് തങ്ങൾ കാത്തിരിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു സിനിമയ്ക്ക് പ്രദർശന അനുമതി നൽകില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐഎസിന്റെ സാന്നിധ്യം കേരളത്തിൽ ശക്തമാണ്. കേരള സ്റ്റോറിക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാൻ കേരളസമൂഹം കാത്തിരിക്കുകയാണ്. ഈശോയ്ക്കും കക്കുകളിക്കും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post