ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് കൊടും ക്രൂരത. കാറിൽ ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരനെയും കൊണ്ട് സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ. തുടർന്ന് ഇയാളെ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു.
ഏപ്രിൽ 29 ന് അർദ്ധരാത്രിയാണ് സംഭവം നടന്നത്. മുകുൽ (20), ദിപാൻഷു വർമ്മ (30) എന്നിവർ സഞ്ചരിച്ച ബൈക്ക്, എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം മുന്നിൽ കണ്ട മുകുൽ ഇരുചക്രവാഹനത്തിൽ നിന്ന് ചാടി. എന്നാൽ ദിപാൻഷു വർമ്മ നേരെ ചെന്ന് ഇടിച്ച കാറിന്റെ റൂഫിലേക്ക് വീഴുകയായിരുന്നു.
കാറിന് മുകളിൽ യുവാവ് വീണതറിഞ്ഞിട്ടും ഇത് വകവെയ്ക്കാതെ ഡ്രൈവർ വണ്ടിയോടിച്ച് പോയി. മൂന്ന് കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ഇന്ത്യാ ഗേറ്റിന് സമീപത്ത് ദിപാൻഷുവിനെ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ദൃക്‌സാക്ഷിയായ മുഹമ്മദ് ബിലാലാണ് ഈ വീഡിയോ മൊബൈലിൽ പകർത്തിയത്. കാറിന്റെ പുറകേ പോയ ഇയാൾ വാഹനം നിർത്താൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് അനുസരിച്ചില്ല.









