തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപമാനിക്കുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടി ബിജെപി. രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും വാദം ശരിയാണെങ്കിൽ, അത്തരത്തിൽ അട്ടിമറിയിലൂടെ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടനടി രാജിവെയ്ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനൽകുകയും ചെയ്തു.
ജനവിധി തങ്ങൾക്ക് അനുകൂലമാകുമ്പോൾ മൗനം പാലിക്കുകയും തിരിച്ചടിയേൽക്കുമ്പോൾ വോട്ടിംഗ് രീതികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസിന്റെ സ്ഥിരം രീതിയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഖാർഗെയുടെ പ്രസ്താവന അങ്ങേയറ്റം ഗൗരവമുള്ളതാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പും ഈ അട്ടിമറി ആരോപണത്തിന്റെ പരിധിയിൽ വരും. അട്ടിമറിയിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയതെന്ന വാദം സ്വന്തം പാർട്ടി ഹൈക്കമാൻഡ് തന്നെ ഉയർത്തുമ്പോൾ, ആ വഴിയിൽ മുഖ്യമന്ത്രി പദവിയിലെത്തിയ വി.ഡി. സതീശന് അധികാരത്തിൽ തുടരാൻ യാതൊരു ധാർമിക അവകാശവുമില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു.
തീവ്രമായ എസ്.ഐ.ആർ (SIR) പ്രക്രിയ കൃത്യമായി പൂർത്തിയാക്കിയ ശേഷമാണ് കേരളത്തിൽ നിഷ്പക്ഷമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ പ്രക്രിയകൾക്ക് നേതൃത്വം നൽകിയ അന്നത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറാണ് നിലവിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടുകൾ വെട്ടിനിരത്തി തട്ടിപ്പ് നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വാദം ശരിയാണെന്ന് ഭരണകക്ഷിയായ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ, പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. തോൽവികളിൽ നിന്ന് പാഠം പഠിക്കാതെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്ന കോൺഗ്രസിന്റെ വ്യാജ വാദങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് ബിജെപിയുടെ തീരുമാനം.










