തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ നേരിട്ട് കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ കടുത്ത പ്രതിസന്ധിയിലായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബവും. പിണറായി വിജയൻ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ ടി. വീണ എന്നിവർക്കെതിരെ ഒന്നല്ല, ഒരേസമയം സംസ്ഥാന-കേന്ദ്ര ഏജൻസികളുടെ രണ്ട് കേസുകളാണ് വരാനിരിക്കുന്നത്. വിഷയം രാഷ്ട്രീയമായും നിയമപരമായും വൻ കൊടുങ്കാറ്റായി മാറിക്കഴിഞ്ഞു.
സംഭവത്തിൽ വിജിലൻസ് ഡയറക്ടറോട് ഉടൻ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇ.ഡി കൈമാറിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ വ്യക്തമാണെന്നും അതിനാൽ സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) വഴിയുള്ള പ്രാഥമിക പരിശോധനയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർണായക വിധി. ഇതിന് പിന്നാലെ കോടതി വിധി പൂർണ്ണമായും മാനിക്കുമെന്നും വിജിലൻസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് തൊട്ടുപിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) പുതിയ കേസ് (ECIR) രജിസ്റ്റർ ചെയ്യും. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ കോടികളുടെ തട്ടിപ്പും വിദേശത്തേക്കുള്ള ഹവാല പണമിടപാടുകളും നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. രണ്ടു ഏജൻസികളും ഒരേസമയം കേസെടുക്കുന്നതോടെ മൂവരും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. അതേസമയം ഹൈക്കോടതി ഉത്തരവിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.










