തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിന്റെ കയ്യിലെ എല്ല് ഒടിഞ്ഞെന്ന പരാതിയുമായി ദമ്പതികൾ. അണവാകുഴി സ്വദേശി പ്രജിത്ത് ഭാര്യ കാവ്യ എന്നിവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രിയ്ക്കും കുടുംബം പരാതി നൽകി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മാർച്ച് 27നായിരുന്നു കാവ്യ ആശുപത്രിയിൽ പ്രസവിച്ചത്. പ്രസവത്തിനിടെ കുട്ടിയെ ശ്രദ്ധയില്ലാതെയാണ് പുറത്തെടുത്തത്. ഇതോടെ കുട്ടിയുടെ ഇടത് കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നുവെന്ന് കാവ്യ പറഞ്ഞു.
കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാൽ രണ്ടാഴ്ച കഴിഞ്ഞും കുഞ്ഞ് കയ്യനക്കാതെ വന്നതോടെ വീണ്ടും ഇവർ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ ഡോക്ടർ നിർദ്ദേശം നൽകി.
ഇതേ തുടർന്ന് എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്കായെത്തി. ഇതേ തുടർന്നാണ് ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തതാണ് എല്ല് പൊട്ടാൻ കാരണമെന്ന് വ്യക്തമായത്. കുഞ്ഞിന്റെ ഞരമ്പ് വലിഞ്ഞിട്ടുമുണ്ട്. ഇതോടെ ദമ്പതികൾ പരാതി നൽകുകയായിരുന്നു.
അതേസമയം കുഞ്ഞിന്റെ എല്ലിനുണ്ടായ പൊട്ടൽ പരിഹരിച്ചിട്ടുണ്ട്. എന്നാൽ ഞരമ്പിന്റെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Discussion about this post