ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത 199 മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് സൂചന. നാട്ടിലേക്ക് മടങ്ങാനിരുന്ന സംഘത്തിലെ ഒരാൾ കഴിഞ്ഞ ദിവസം കറാച്ചിയിൽ വച്ച് മരിച്ചു. ഇദ്ദേഹം അസുഖബാധിതനായിരുന്നുവെന്നാണ് വിവരം. ലന്ധി ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ ലാഹോറിൽ എത്തിച്ചതിന് ശേഷം വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് കൈമാറും.
സംഘാംഗമായ സുൾഫിക്കർ ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കടുത്ത പനിയും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ശ്വാസകോശത്തിലേക്ക് അണുബാധ പടരുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
നിലവിൽ 654 മത്സ്യത്തൊഴിലാളികളാണ് അതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട് പാകിസ്താനിലെ ജയിലിൽ കഴിയുന്നത്. ഇതിൽ 631 പേരും ശിക്ഷാ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറായിരിക്കുന്നവരാണ്. 83 പാക് മത്സ്യത്തൊഴിലാളികൾ ഇന്ത്യയിലെ ജയിലുകളിലും തടവിൽ കഴിയുന്നുണ്ട്.








