ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിന്റെ ഭാര്യയ്‌ക്കെതിരെ നിർണായക നീക്കങ്ങൾ ആരംഭിച്ച് ഉത്തർപ്രദേശ് പോലീസ്. അതീഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിനെ മാഫിയയായി പ്രഖ്യാപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഷൈസ്തയെ ഏതാനും നാളുകളായി പോലീസിനെ ഭയന്ന് ഒളിവിൽ കഴിയുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ നടപടികൾ ആരംഭിച്ചത്.
നിലവിൽ ഷൂട്ടർ ആയ സാബിറിനൊപ്പമാണ് ഷൈസ്ത പർവീൺ ഉള്ളതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉപേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ സാബിറും പ്രതിയാണ്. ഈ കേസിൽ സാബിറിന്റെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസിൽ ഇയാൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷൈസ്ത പർവീണിന്റെ ഒളി സങ്കേതം സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ഉത്തർപ്രദേശ് പോലീസിന് ലഭിച്ചിട്ടില്ല. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം ഷൈസ്ത പങ്കെടുത്ത വിവാഹത്തിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലെ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
അതീഖ് അഹമ്മദ് ജയിലിൽ ആയതിന് ശേഷമായിരുന്നു ഷൈസ്ത പർവീൺ പോലീസിനെ ഭയന്ന് ഒളിച്ച് കഴിയാൻ ആരംഭിച്ചത്. അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് ശേഷം ഇവർ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ വരുമെന്നും, ഇതിന് മുന്നോടിയായി കീഴടങ്ങുമെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ ഒളിവിൽ തന്നെ തുടരുകയായിരുന്നു.










