ന്യൂഡൽഹി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റും ഇതേ തുടർന്നുള്ള സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പാകിസ്താൻ സൈന്യത്തിന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കർശന നിരീക്ഷണം. പാകിസ്താനിലെ സ്ഥിതിഗതികളും സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
നിയന്ത്രണ രേഖയിലാണ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങൾക്കിടയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കാനുൾപ്പെടെ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് അതിവേഗം നിയന്ത്രണ രേഖയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കിയത്. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരോട് ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. അടുത്ത ദിവസം രാവിലെ വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം.
അതേസമയം പാകിസ്താനിൽ പ്രശ്‌നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റാവൽപിണ്ടിയിലെ ജനറൽ ആസ്ഥാനത്തും ലാഹോറിലിലെ കമാൻഡർ റസിഡൻസിയ്ക്ക് മുൻപിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പ്രധാന നഗരങ്ങളിലെ തെരുവുകൾ എല്ലാം ഇമ്രാൻ ഖാന്റെ അനുകൂലികൾ കീഴടക്കിയിരിക്കുകയാണ്.








