ന്യൂഡൽഹി; മോക്ക ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ബംഗാൾ ഉൾക്കടലിൽ ശക്തമായ കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിൻ പുറത്തിറക്കി. മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പോർട്ട് ബ്ലെയറിൽ നിന്നും 510 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുവച്ച് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് ട്വിറ്ററിൽ കുറിച്ചത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ത്രിപുരയിലും മിസോറാമിലും ശനിയാഴ്ചയും ഞായറാഴ്ചയും, മണിപ്പൂർ, നാഗാലാന്റ്, അസ്സം എന്നിവിടങ്ങളിൽ ഞായറാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി വകുപ്പ് അറിയിച്ചു.
കേരളത്തിലും മാഹിയിലും വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ നാളെ ആന്ധ്രാപ്രദേശിന്റെ തീരദേശങ്ങളിലും കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.








