തിരുവനന്തപുരം: ബാലരാമപുരത്ത് ആൺവേഷത്തിൽ മുഖംമൂടി ധരിച്ചെത്തി വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മരുമകൾ പിടിയിൽ. വയോധികയുടെ രണ്ടാമത്തെ മകന്റെ ഭാര്യയാണ് കൃത്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട വയോധികയുടെ മകനായ രതീഷ് കുമാറിന്റെ ഭാര്യ സുകന്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആറാലുംമൂട് സ്വദേശി വാസന്തിയെ ആണ് സുകന്യ ആക്രമിച്ചത്.
വാസന്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ചെവ്വാഴ്ച വീട്ടിൽ നിന്നും സമീപത്തെ സെസൈറ്റിയിലേക്ക് പാൽ നൽകുന്നതിനായി പോകുമ്പോൾ റോഡരികിൽ വച്ച് മുഖംമറച്ചെത്തിയ ആൾ വാസന്തിയുടെ കാൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നു. ഒന്നിലെറെ തവണ കാലിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചതോടെ കാല് ഒടിഞ്ഞ് തൂങ്ങി. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും മുഖംമൂടി ധരിച്ച അജ്ഞാതൻ ഓടിരക്ഷപെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലേറെ പേരെ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഒടുവിൽ ആൺവേഷത്തിലെത്തിയ പ്രതി മരുമകളാണെന്ന തരത്തിൽ പോലീസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപാനിയായ രതീഷ് ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് അമ്മയാണെന്ന് ആരോപിച്ചാണ് മരുമകൾ വയോധികയുടെ കാൽ തല്ലിയൊടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post