ന്യൂഡൽഹി; പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവത്തിൽ എയർഇന്ത്യയുടെ പൈലറ്റിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഫെബ്രുവരി 27ന് ഡൽഹി-ദുബൈ എഐ 915 വിമാനത്തിലാണ് സംഭവം നടന്നത്. സുരക്ഷാപ്രശ്‌നം ഫലപ്രദമായി പരിഹരിക്കാത്തതിന് ഡിജിസിഎ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തുകയും നിയമലംഘനം നടക്കുമ്പോൾ തടയാതിരുന്നതിന് കോ-പൈലറ്റിന് ശാസന നൽകുകയും ചെയ്തു.
1937ലെ എയർക്രാഫ്റ്റ് നിയമം ലംഘിച്ചതിനാലാണ് പൈലറ്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്നും സംഭവത്തെ ഫലപ്രദമായി പരിഹരിക്കാതിരുന്നതിനാലാണ് എയർഇന്ത്യക്ക് പിഴ ചുമത്തിയതെന്നും ഡിജിസിഎ അറിയിച്ചു.
വിമാനത്തിൽ യാത്രക്കാരിയായി കയറിയ എയർഇന്ത്യ സ്റ്റാഫിനെ തന്നെയാണ് പൈലറ്റ് യാത്രക്കിടയിൽ കോക്പിറ്റിലേക്ക് കയറാൻ അനുവദിച്ചത്. ഇതു സംബന്ധിച്ച് വിമാനത്തിലെ ജീവനക്കാരനിൽ നിന്നും എയർഇന്ത്യയുടെ സിഇഒക്ക് പരാതി ലഭിച്ചിരുന്നു. എങ്കിലും കമ്പനി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്തിലെ ജീവനക്കാരൻ ഡിജിസിഎയെ സമീപിച്ചത്. നിയമങ്ങൾ ലംഘിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ എയർഇന്ത്യക്ക് ഡിജിസിഎ നിർദേശം നൽകി.
Discussion about this post