തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് ജനപ്രീതിയേറുന്നു. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള വന്ദേഭാരതിന്റെ ടിക്കറ്റിന് വൻ ഡിമാൻഡ്. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായെത്തുന്നത്. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം – കാസർകോട് ടിക്കറ്റിനെക്കാൾ കൂടുതൽ പേർ മദ്ധ്യദൂര യാത്രകൾക്കായി ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയുള്ളത്. ചെയർകാറിൽ ഈ മാസം 28 വരെയും എക്സിക്യുട്ടീവ് ചെയർകാറിൽ ജൂൺ 16 വരെയും ടിക്കറ്റ് തീർന്നു.
നിരക്ക് കൂടുതലായിട്ടും എക്‌സിക്യൂട്ടീവ് ചെയർകാറിന് വൻ ഡിമാൻഡാണ്. പുലർച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരതിൽ എക്സിക്യുട്ടീവ് ചെയർകാറിനുള്ള ആവശ്യക്കാർ 238ഉം ചെയർ കാറിന്റേത് 215ഉം ശതമാനമാണ്. മടക്കയാത്രയിൽ ഇത് യഥാക്രമം 235ഉം 203ഉം ശതമാനമാണ്. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചശേഷം 60,?000 പേർ വന്ദേഭാരതിൽ യാത്ര ചെയ്തതായാണ് അനൗദ്യോഗിക കണക്ക്.
അതേസമയം വന്ദേഭാരത് എക്‌സ്പ്രസ് കൊല്ലം ജംക്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ വ്യത്യാസം ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചിരുന്നു . 19 മുതൽ മാറ്റം നിലവിൽ വരും. മറ്റു സ്റ്റേഷനുകളിൽ മാറ്റമില്ല. തിരുവനന്തപുരം സെൻട്രൽ കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് (20634) ഓരോ സ്റ്റേഷനിലും എത്തുന്ന/പുറപ്പെടുന്ന പുതുക്കിയ സമയം (ബ്രാക്കറ്റിൽ നിലവിലെ സമയം): കൊല്ലം ജംക്ഷൻ : രാവിലെ 6.08/6.10 (06.07/6.09), കോട്ടയം : 7.24 /7.27 (7.25/ 7.27), എറണാകുളം ടൗൺ : 8.25/8.28 (8.17/8.20), തൃശൂർ: 9.30/9.32 (9.22/9.24). കാസർകോട് തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് (20633) : തൃശൂർ വൈകിട്ട് 6.10/6.12 (വൈകിട്ട് 6.03/6.05), എറണാകുളം ടൗൺ: രാത്രി 7.17/7.20 (7.05/7.08), കോട്ടയം : 8.10/8.13 (8.00/8.02), കൊല്ലം : 9.30/9.32 (9.18./9.20). എന്നിങ്ങനെയാണ് സമയമാറ്റം












