ഭുവനേശ്വർ; ജി20യുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാം സാംസ്‌കാരിക ഗ്രൂപ്പ് യോഗം ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ഇന്നുമുതൽ ചൊവ്വാഴ്ച വരെ മൂന്നു ദിവസങ്ങളിലായാണ് യോഗം നടക്കുക. യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി, പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ രാം മെഖ്വാൾ എന്നിവർക്കൊപ്പം ജി20 പ്രതിനിധികളും ഭുവനേശ്വറിൽ എത്തി.
വിവിധ രാജ്യങ്ങൾക്കിടയിൽ എങ്ങനെ നമ്മുടെ സംസ്‌കാരം സംയോജിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ജി കിഷൻ റെഡ്ഡി പറഞ്ഞു. സംസ്‌കാരം എല്ലാവരേയും ഒന്നിപ്പിക്കുന്നു എന്ന ആശയത്തെ മുൻനിർത്തിയാണ് യോഗം നടക്കുക. ഇന്ന് പുരി ബീച്ചിൽ ഈ വിഷയത്തിലൂന്നി പത്മശ്രീ സുദർശൻ പട്നായിക്കിന്റെ സാൻഡ് ആർട്ട് സംഘടിപ്പിക്കും. വൈകീട്ട് 5.30ന് ജി കിഷൻ റെഡ്ഡി, അർജുൻ രാം മെഖ്വാൾ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും.
ജി20യുടെ ആദ്യ സാംസ്‌കാരിക ഗ്രൂപ്പ് യോഗം 2023 ഫെബ്രുവരി 22 മുതൽ 25 വരെ മധ്യപ്രദേശിലെ ഖജുരാഹോയിൽ വച്ചാണ് നടന്നത്. മൂന്നാം യോഗം ഹംപിയിൽ വച്ച് നടക്കും. നാലാമത്തേതും അവസാനത്തേതുമായ സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല. സാംസ്‌കാരിക സ്വത്തുക്കളുടെ സംരക്ഷണവും പുന:സ്ഥാപനവും എന്ന വിഷയത്തിലൂന്നിയാണ് ആദ്യയോഗം നടന്നത്.









