ഡല്‍ഹി: മധ്യപ്രദേശിലെ റത്ലാം-ജാബുവയിലും തെലുങ്കാനയിലെ വാറങ്കലിലും ഇന്നു ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ്. റത്ലാം-ജാബുവയില്‍ ബിജെപി എംപി ദിലീപ്സിംഗ് ഭൂരിയ മരിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. വാറങ്കലില്‍ തെലുങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്)യിലെ കെ.ശ്രീഹരി സംസ്ഥാന മന്ത്രിയാകാന്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 24-നു ഫലമറിയും.
റത്ലാമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യപോരാട്ടം.
ദിലീപ്സിംഗിന്റെ പുത്രിയും എംഎല്‍എയുമായ നിര്‍മല ഭൂരിയയാണ് റത്ലാമില്‍ ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞതവണ തോറ്റ മുന്‍ കേന്ദ്രമന്ത്രി കാന്തിലാല്‍ ഭൂരിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും.
2014-ല്‍ 1.08 ലക്ഷം വോട്ട് ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. ബിഹാറിലെ ബിജെപി തോല്‍വിക്കു ശേഷമുള്ള രാഷ്ട്രീയമാറ്റം റത്ലാമില്‍ പ്രതിഫലിക്കുമെന്നു കോണ്‍ഗ്രസ് വിശ്വസിക്കുന്നു. വാറങ്കലില്‍ ടിആര്‍എസിന്റെ പി.ദയാകറെ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി സര്‍വേ സത്യനാരായണയും ബിജെപിയുടെ പി.ദേവയ്യയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സൂര്യപ്രകാശും ഇടതുപക്ഷത്തിന്റെ വിനോദ്കുമാറും നേരിടുന്നു.
Discussion about this post