ചെന്നൈ: തമിഴ്‌നാട്ടിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. സംഭവത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. നാമക്കൽ ജില്ലയിലെ ജെദർപാളയത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഡീഷ സ്വദേശികളായ രാകേഷ്, സുകിറാം, ഗോകുൽ, ഛത്തീസ്ഗഡ് സ്വദേശി യശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപത്തെ ശർക്കര കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ഷീറ്റുകൊണ്ട് നിർമ്മിച്ച താത്കാലിക കേന്ദ്രത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മണിയോടെ ഇതിന് ആരോ തീയിടുകയായിരുന്നു.
സംഭവം കണ്ട തൊഴിലാളികൾ അതിവേഗം പുറത്തേക്ക് ഓടി. രക്ഷപ്പെടാൻ കഴിയാതിരുന്ന നാല് പേർക്കാണ് പൊള്ളലേറ്റത്. ഇവരുടെ ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഉടനെ തന്നെ ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.









