കശ്മീർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. താൻ മത്സരിക്കില്ലെങ്കിലും തന്റെ പാർട്ടിയായ പിഡിപി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ” ജമ്മു കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്നു. പക്ഷേ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ സംസ്ഥാനം ശിഥിലമായി.
ജമ്മു കശ്മീരിൽ സംഭവിച്ചത് രാജ്യത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. സുരക്ഷയുടെ പേരിൽ വലിയ തോതിൽ പീഡനങ്ങളും വേട്ടയാടലുകളും നടക്കുകയാണ്. ജമ്മു കശ്മീർ ഒരു തുറന്ന ജയിലായി മാറിയിരിക്കുകയാണെന്നും” മെഹബൂബ മുഫ്തി ആരോപിച്ചു. കർണാടകയിലെ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് കോൺഗ്രസിനെ മെഹബൂബ മുഫ്തി അഭിനന്ദിക്കുകയും ചെയ്തു.
കോൺഗ്രസ് വിജയത്തിന് അടിത്തറയായത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ്. കർണാടകയിൽ വിഭജന രാഷ്ട്രീയമാണ് ബിജെപി കളിച്ചത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ആ മുറിവ് ഉണക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.









