തിരുവനന്തപുരം : പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് തീരുമാനിച്ച് കെഎസ്ആർടിസി. നാളെ മുതൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ബിജവേറജ് കോർപറേഷനും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നാണ് സർക്കുലറിൽ പറയുന്നത്.
മെയ് 19നാണ് ആർബിഐ 2000 രൂപയുടെ നോട്ട് പിൻവലിച്ചത്. ജനങ്ങളുടെ കൈവശമുള്ള നോട്ടുകൾ സെപ്തംബർ 30 നകം ബാങ്കുകളിൽ ചെന്ന് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കും. 2016 ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. എന്നാൽ നോട്ടുകൾ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തലിനെ തുടർന്നാണ് പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു












