കൊല്ലം: കൊല്ലം പത്തനാപുരത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈവിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിനാണ് വിരൽ നഷ്ടമായത്.
പാർട്ടി വിട്ടത് മുതൽ സിപിഎമ്മുകാരുമായി തർക്കങ്ങളുണ്ടായിരുന്നു. ഞായറാഴ്ച ഒരു കല്ല്യാണ വീട്ടിൽ വച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മഹേഷും തമ്മിൽ തർക്കമുണ്ടായി. രാത്രി 11ന് മൂലവട്ടം ജംഗ്ഷനിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മഹേഷിന്റെ ഇടതുകയ്യിലെ തള്ളവിരൽ സിപിഎം അംഗം കടിച്ചു. പിടിവിടാൻ തയ്യാറാകാതെ ഇയാൾ വിരൽ അമർത്തിക്കടിക്കുകയായിരുന്നു.
ചുറ്റുമുള്ളവർ ചേർന്ന് വായിൽ നിന്ന് വിരൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലിൽ നിന്ന് കടിവിട്ടത്. രക്തം വാർന്നൊഴുകുന്നത് കണ്ട് നാട്ടുകാർ ഉടനെ തന്നെ മഹേഷിനെ ആശുപത്രിയിലെത്തിച്ചു. അവിടെ ചെന്നപ്പോഴാണ് വിരൽ നഷ്ടമായ കാര്യം അറിയുന്നത്. ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയാണെന്ന് ഇയാൾ പറഞ്ഞില്ല.
തുടർന്ന് എല്ലാവരും ചേർന്ന് നടത്തിയ തിരച്ചിലിൽ തുപ്പിക്കളഞ്ഞ വിരൽ കണ്ടെത്തി, മഹേഷിനെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാനായില്ല. സംഭവത്തിൽ പരാതി ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post