ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. നാഗ്പൂരിൽ എത്തി എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലും ഡിസംബറിലുമാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിതിൻ ഗഡ്കരിയ്ക്ക് തുടർച്ചയായി കോളുകൾ ലഭിച്ചത്.
സംഭവത്തിൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പിന്നിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്ന് കേസ് അന്വേഷണം അതിവേഗം എൻഐഎയെ ഏൽപ്പിക്കുകയായിരുന്നു. എൻഐഎ ഡെപ്യൂട്ടി ഇൻസ്‌പെക്ടറും സംഘവുമാണ് നാഗ്പൂരിൽ എത്തിയത്. ഫോൺ കോളുകളുടെ വിശദാംശങ്ങൾ സംഘം ശേഖരിച്ചു. പോലീസിൽ നിന്നും അന്വേഷണത്തിന്റെ വിശദാംശങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്.
ജനുവരി 14 നായിരുന്ന നിതിൻ ഗഡ്കരിയുടെ ഔദ്യോഗിക ലാന്റ്‌ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ജയേഷ് പൂരിയ എന്ന് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. 100 കോടി രൂപ നൽകണം എന്നായിരുന്നു ഭീഷണി. ദാവൂദ് ഇബ്രാഹിം സംഘത്തിൽപ്പെട്ടയാളാണെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടിയൊന്നും നൽകാതിരുന്നതോടെ മാർച്ച് 21 ന് വീണ്ടും ഇയാൾ വിളിച്ചു. 10 കോടി വേണമെന്നായിരുന്നു അപ്പോൾ ആവശ്യപ്പെട്ടത്. ഇതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. സംഭവത്തിൽ യുഎപിഎ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post