കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുവെടി വച്ച് ഉൾക്കാട്ടിലേക്ക് വിടുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ഇന്ന് തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയേക്കും. കുങ്കിയാനകൾ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിൽനിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ആനമലയിൽനിന്നും മുതുമലയിൽനിന്നും കുങ്കിയാനകൾ പുറപ്പെട്ടിട്ടുണ്ട്.
ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തോക്കുമായി പോലീസുകാരും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. ഇത് നടക്കുന്നില്ലെങ്കിൽ മയക്കുവെടി വയ്ക്കും. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അരിക്കൊമ്പനെ എങ്ങനേയും കാട് കയറ്റാനാണ് നീക്കം. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തി വഴിയാണ് അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തിയത്.
ഇവിടെ പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ആദ്യം ടൗണിലേക്കിറങ്ങിയ അരിക്കൊമ്പൻ ഇവിടെ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. കുമളി മേഖലയിലുള്ള കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും കമ്പത്ത് എത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ വനപാലകസംഘവും ഇവിടെ വലിയ തോതിൽ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിൽ മുറിവ് ഉള്ളതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.












