തിരുവനന്തപുരം; മദ്ധ്യവയസ്‌കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. മാവേലിക്കര ബസ് സ്റ്റാൻഡിലാണ് സംഭവം.ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാമേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാൻറിലെത്തിയതായിരുന്നു ഇയാൾ. പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ ഇയാളുടെ കൈവശം 13 രൂപ ചില്ലറയുണ്ടായിരുന്നില്ല. അതുകൊണ്ട് കയ്യിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ചില്ലറയാക്കാൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി.
2000 രൂപ നോട്ട് ഇപ്പോൾ എടുക്കില്ലെന്നും, ചില്ലറ തരാൻ പറ്റില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. എന്നാൽ നോട്ട് നിരോധിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞതോടെ ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തുണ്ടായിരുന്ന ഡ്രൈവർ അനീഷും ഒരു കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു.2000 രൂപ നോട്ട് ജീവനക്കാർ വലിച്ച് കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണൻറെ കൈക്ക് പൊട്ടലുണ്ട്.












