കൊച്ചി : വീടിനുള്ളിൽ അതിക്രമിച്ച് കയറിയ കള്ളനെ നേരിട്ട പെൺകുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി. കൊച്ചി ഇരുമ്പനം സ്വദേശി അനഘയെ ആണ് സുരേഷ് ഗോപി വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചത്. നാട്ടിലെ ആക്ഷൻ സ്റ്റാറിനെ പൊന്നാടയണിയിച്ച് ആദരിച്ച സുരേഷ് ഗോപി, അനഘ എല്ലാവർക്കും മാതൃകയാണെന്ന് പറഞ്ഞു.

സ്വയം പ്രതിരോധിത്തിലൂടെ കരുത്ത് തെളിയിച്ച അനഘയെ എല്ലാ പെൺകുട്ടികളും മാതൃകയാക്കണം എന്ന് അദ്ദേഹം പറഞ്ഞു. കുടുംബക്കാരുമായി സംസാരിച്ച് പ്രഭാത ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. താൻ വരച്ച ചിത്രം അനഘ സുരേഷ് ഗോപിക്ക് സമ്മാനിച്ചു

അടുക്കള വാതിൽ വഴി അപ്രതീക്ഷിതമായി കയറിവന്ന അക്രമിയെ ഇടിച്ചിട്ടുകൊണ്ടാണ് അനഘ ശ്രദ്ധ നേടിയത്. കത്തി കത്തിയുമായി എത്തിയ ആളെ തേങ്ങ കൊണ്ടാണ് ഈ പെൺകുട്ടി നേരിട്ടത്. ബ്ലാക്ക് ബെൽട്ടും ആത്മവിശ്വാസവും പെൺകുട്ടിക്ക് പിന്തുണ നൽകി.

അനഘയുടെ ധൈര്യം കേട്ടറിഞ്ഞ സുരേഷ് ഗോപി അന്ന് പെൺകുട്ടിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിൽ കാണാനെത്തുമെന്നും ഉറപ്പുനൽകി. ഈ വാക്ക് പാലിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഇന്ന് അനഘയുടെ വീട്ടിലെത്തിയത്.













