വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ രണ്ടാം പിണറായി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന കടുത്ത വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഇണ്ടത്തുരുത്തിമനയിലെ സമ്മേളനഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, സർക്കാരിന്റെയും ഭരണ നേതൃത്വത്തിന്റെയും വീഴ്ചകളെ ലക്ഷ്യംവെച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ തുറന്നടി.
ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള പരമ്പരാഗത കോട്ടകളിൽ നേരിട്ട തിരിച്ചടിയെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്തു. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരിലും കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും ഒരിക്കലും തോൽക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. നമ്മുടെ സ്വന്തം ആളുകൾ തന്നെ നമുക്ക് വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കുമ്പോൾ ഈ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്. പാർട്ടി ബന്ധുക്കളെയും അണികളെയും നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ, അവരുടെ വിഷമങ്ങൾ കേട്ടോ, അവർക്കായി ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും ചെയ്തുകൊടുത്തോ എന്ന് നാം ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ സർക്കാരിന്റെ ശൈലിക്കെതിരെയും അണികളിൽ നിന്നുള്ള അകൽച്ചയ്‌ക്കെതിരെയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തിയത് എൽ.ഡി.എഫിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലും ഭരണതലത്തിലും ഈ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറക്കും.











