മുംബൈ : മോഡലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഝാർഖണ്ഡ് റാഞ്ചി സ്വദേശിയായ തൻവീർ അക്തർ മുഹമ്മദ് ലേഖ് ഖാനെതിരെയാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്നും മതംമാറാൻ നിർബന്ധിച്ചെന്നും മാൻവി എന്ന യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
2020 ലാണ് യുവതി ഇയാളുടെ മോഡലിംഗ് ഏജൻസിയിൽ ജോലിക്ക് പ്രവേശിക്കുന്നത്. യഷ് എന്ന പേരിലാണ് തൻവീർ അക്തർ സ്വയം പരിചയപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. 2021 മുതൽ ഇയാൾ യുവതിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്. ഹോളി ആഘോഷത്തിനിടെ തന്നെ നിർബന്ധിച്ച് ലഹരി കഴിപ്പിക്കുകയും അങ്ങനെ ചിത്രങ്ങൾ പകർത്തുകയുമായിരുന്നുവെന്ന് മാൻവി ആരോപിക്കുന്നു.
മതം മാറാനും പേര് മാറ്റാനും തന്നെ വിവാഹം കഴിക്കാനും ഇയാൾ ആവശ്യപ്പെട്ടു. ബാങ്കോക്കിൽ ഒരു ഷൂട്ടിനായി തന്നോടൊപ്പം വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബാങ്കോക്കിലേക്ക് പോയ യുവതിയെ അവിടെ വെച്ചും പ്രതി ബലാത്സംഗത്തിന് ഇരയാക്കി. തന്നെ കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ഇത് സംബന്ധിച്ച് നേരത്തെ പോലീസിൽ പരാതി നൽകിയപ്പോൾ ഇനി ഉപദ്രവിക്കില്ലെന്ന് പ്രതി സത്യവാങ്മൂലം നൽകി. തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു. പക്ഷേ, അതിനുശേഷവും ഉപദ്രവം തുടർന്നു. തന്റെ പേരിൽ സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചതായും അശ്ലീലസന്ദേശങ്ങൾ അയച്ചതായും പരാതിയിൽ ആരോപിക്കുന്നു. തുടർന്നാണ് വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.
പരാതി നൽകിയതോടെ തൻവീർ കോടതിയെ സമീപിച്ചു. മാൻവിയെ ഉപദ്രവിച്ചതായി സമ്മതിച്ച തൻവീർ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും മറ്റൊരു ഉദ്ദേശ്യവും ഇല്ലായിരുന്നുവെന്നുമാണ് ഇപ്പോൾ പറയുന്നത്. എന്നാൽ തൻവീറിന്റെ ഇത്തരം വാക്കുകളെ വിശ്വസിക്കാനാകില്ലെന്നും നേരത്തെയും സമാനമായ ഉറപ്പുകൾ നൽകിയ ശേഷം പിന്നീടും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും മാൻവി പറയുന്നു. സംഭവം നടന്നത് റാഞ്ചിയിൽ ആയതിനാൽ പരാതി റാഞ്ചിയിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.








