തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. രണ്ട് മാസത്തെ വേനലവധിക്ക് ശേഷമാണ് പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 10 മണിക്ക് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
പ്രവേശനോത്സവഗാനത്തിന്റെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 6849 എൽപി സ്കൂളുകളും 3128 ഹൈസ്കൂളുകളും 2077 ഹയർ സെക്കൻഡറി സ്കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുമാണുള്ളത്. സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയ്ഡഡ് കൂടി ചേർക്കുമ്പോൾ 15,452 ആകും.
ശുചിത്വ-ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ശുചീകരണം പൂർത്തിയായി. അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എല്ലാ സ്കൂളുകളും വലിച്ചെറിയൽ വിരുദ്ധ വിദ്യാലയമായി പ്രഖ്യാപിക്കണമെന്നാണ് നിർദേശം. ലഹരിക്കെതിരെ പോലീസ്-എക്സൈസ് നടപടികൾക്കൊപ്പം സ്കൂളിൽ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികളും രൂപീകരിക്കും.
Discussion about this post