ന്യൂഡൽഹി: ഒപെക് രാജ്യങ്ങളെ അവഗണിച്ച് റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി വീണ്ടും ഉയർത്തി ഇന്ത്യ. മെയ് മാസത്തിലും റഷ്യയിൽ നിന്നും റെക്കോഡ് അളവിലാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. ഷിപ്പിംഗ് അനലിറ്റിക്‌സ് കമ്പനിയായ വോർട്ടെക്‌സ് ലിമിറ്റഡ് പുറത്തുവിട്ട കണക്കനുസരിച്ച് 1.96 മില്യൻ ബാരലാണ് ഓരോ ദിവസവും ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്.
റഷ്യയിൽ നിന്നുളള ഇറക്കുമതി വർദ്ധിപ്പിച്ചതോടെ സൗദി ഈ പട്ടികയിൽ ഏറെ പിന്നിലായി. നിലവിൽ ഇറാഖിനും പിന്നിലാണ് ഇന്ത്യയിലേക്കുളള എണ്ണ ഇറക്കുമതിയിൽ സൗദിയുടെ സ്ഥാനം. മെയ് മാസത്തിൽ ഇറാഖിൽ നിന്നുളള ഇറക്കുമതി 18 ശതമാനമായിരുന്നെങ്കിൽ സൗദിയിൽ നിന്നുളള ഇറക്കുമതി 12 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ആവശ്യത്തിനുളള 42 ശതമാനം ക്രൂഡ് ഓയിലും ഇന്ത്യ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്.
ഏപ്രിലിനെ അപേക്ഷിച്ച് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 15 ശതമാനം വർദ്ധനയാണ് മെയ് മാസത്തിൽ ഉണ്ടായത്. 2021 ഫെബ്രുവരിക്ക് ശേഷമുളള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സൗദിയിൽ നിന്നുളള ക്രൂഡ് ഓയിൽ ഇറക്കുമതി ഇടിഞ്ഞത്.
യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ അവസരം പ്രയോജനപ്പെടുത്തിയത്. കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്ത ഇന്ത്യ ക്രമേണ ഇത് ഉയർത്തിക്കൊണ്ടു വരികയായിരുന്നു. വൻതോതിൽ ക്രൂഡ് ഓയിലിന് വില ഉയർത്തിയിരുന്ന ഒപെക് രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു ഇന്ത്യയുടെ നീക്കം.
ഏപ്രിൽ മാസത്തിൽ ചരക്കുകൂലി ഉൾപ്പെടെ ബാരലിന് ശരാശരി 68.21 ഡോളറിനാണ് ഇന്ത്യ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി ആരംഭിച്ച ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സൗദിയിൽ നിന്നുളള ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 86.96 ഡോളറായിരുന്നു വില. ഇറാഖിൽ നിന്നുളള ക്രൂഡ് ഓയിലിന് 77.77 ഡോളറും വിലയുണ്ടായിരുന്നതായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ് മാസത്തിൽ റഷ്യൻ ക്രൂഡ് ഓയിൽ വില ഏപ്രിലെ നിലയിലും താഴെയെത്തുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.







