എറണാകുളം: ബിഷപ്പ് ബെനഡിക് സേവ്യയുടെ കഥ പറയുന്ന നോവൽ ശ്രദ്ധേയമാകുന്നു. എഴുത്തുകാരൻ ജെ സേവ്യറിന്റെ സ്വർഗം എന്ന നോവലാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ വായനക്കാരുടെ പ്രിയപ്പെട്ടതായി മാറിയത്. 100 ദിവസങ്ങൾക്ക് മുൻപായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.
ഒരു നല്ല ബിഷപ്പ് എങ്ങനെ ആയിരിക്കണം എന്നതാണ് നോവലിന്റെ പ്രമേയം. ബിഷപ്പ് ബെനഡിക് സേവിയോയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മറ്റു രണ്ട് പുരോഹിതന്മാരുടെയും കഥ പറയുന്ന നോവലാണ് സ്വർഗം. സിസ്റ്റർ ലൂസി കളപ്പുരയാണ് നോവലിന് അവതാരിക എഴുതിയിട്ടുള്ളത്. ആണധികാരത്തിന്റെ മണിമാളികകളിൽ അട്ടഹസിച്ചുറങ്ങുന്ന പൗരോഹിത്യ മനസ്സുകളിലേക്ക് സ്വർഗം വെളിച്ചം വീശുമെന്ന് സിസ്റ്റർ ലൂസി കളപ്പുര അവതാരികയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ജലന്തർ രൂപതയുടെ ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ നോവലുമായി ബന്ധപ്പെട്ടുള്ള നിരവധി കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പൂർണ്ണമായും ക്രിസ്തീയ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന നോവൽ പുറത്തിറങ്ങി ചുരുങ്ങിയ ദിവസം പിന്നിടുമ്പോൾ വായനക്കാരുടെ മികച്ച പ്രതികരണം നേടുന്നുവെന്നറിഞ്ഞതിൽ സന്തോഷമെന്ന് എഴുത്തുകാരൻ ജെ.സേവ്യർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 100 ദിവസം പിന്നിടുമ്പോൾ സ്വർഗ്ഗം രണ്ടാം പതിപ്പിലേക്ക് എത്തുകയാണെന്ന് പ്രസാധകരായ കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു.
പള്ളിരുത്തി സ്വദേശിയായ ജെ സേവ്യർ ഒൻപതിലധികം നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. മുൻനിര ഓൺലൈൻ സൈറ്റുകളിലും കൈപ്പട സ്റ്റോറിൽ നിന്നും സ്വർഗ്ഗം വാങ്ങാവുന്നതാണ്.
Discussion about this post