ഭുവനേശ്വർ: ഒഡീഷയിൽ പാസഞ്ചർ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബലാസോർ ജില്ലയിലെ ബഹനഗാ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. എതിരെ വന്ന ചരക്ക് തീവണ്ടിയുമായി എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾ മറിഞ്ഞു. ഈ കോച്ചുകളിൽ നിരവധി യാത്രികരാണ് ഉണ്ടായിരുന്നത്.
ഉടനെ ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരുടെ യഥാർത്ഥ കണക്കുകൾ വ്യക്തമല്ല. അൻപതോളം പേരെ ഇതിനോടകം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവ സ്ഥലത്തേക്ക് ബലാസോർ ജില്ലാ മജിസ്ട്രേറ്റ് ഉടൻ എത്തും. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗറ സ്റ്റേഷനിൽ നിന്നാണ് തീവണ്ടി പുറപ്പെടുക. ചെന്നൈയിലാണ് അവസാന സ്റ്റോപ്പ്.
Discussion about this post