ഭുവനേശ്വർ: ഒഡീഷയിൽ തീവണ്ടിയുടെ കോച്ചിൽ നിന്നും പുക ഉയർന്നത് യാത്രികരെ പരിഭ്രാന്തിയിലാഴ്ത്തി. സെക്കന്ദരാബാദ്- അഗർത്തല എക്‌സ്പ്രസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടനെ റെയിൽ വേ ജീവനക്കാർ എത്തി പുക നിയന്ത്രണ വിധേയമാക്കി.
തീവണ്ടിയുടെ എസി കോച്ചിൽ ആയിരുന്നു പുക ഉയർന്നത്. ബ്രഹാംപൂർ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. ബി.അഞ്ച് കോച്ചിൽ നിന്നായിരുന്നു പുക ഉയർന്നത്. ഉടനെ ഇത് യാത്രികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീയും ഉയർന്നു. ഇതോടെ സംഭവം യാത്രികർ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ബന്ധപ്പെട്ടവർ ഉടനെ ഓടിയെത്തി കോച്ചിലെ തീ അണയ്ക്കുകയും പുക നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീയും പുകയും ഉണ്ടായത് എന്നാണ് സൂചന. സംഭവത്തിൽ റെയിൽവേ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിഭ്രാന്തിയിലായ യാത്രികർ ബി അഞ്ച് കോച്ചിൽ തുടർന്നും യാത്ര ചെയ്യാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് മറ്റുള്ള കോച്ചുകളിൽ ഇവർക്ക് സൗകര്യം ഒരുക്കി. ഇതിന് ശേഷമായിരുന്നു തീവണ്ടി സ്‌റ്റേഷനിൽ നിന്നും വീണ്ടും യാത്ര തിരിച്ചത്.










