ജൂലൈ 1 മുതൽ സുപ്രധാന നിയമങ്ങളിൽ മാറ്റം വരുത്തി റെയിൽവേ. 10ഓളം നിയമങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് നിയമങ്ങളിൽ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ശതാബ്ദി, രാജധാനി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. റെയിൽവേ നടത്തുന്ന സുവിധ ട്രെയിനുകളിൽ യാത്രക്കാർക്ക് കൺഫേം ടിക്കറ്റുകളുടെ സൗകര്യം നൽകും. ഇതോടെ വെയിറ്റിംഗ് ലിസ്റ്റിന്റെ ബുദ്ധിമുട്ട് അവസാനിക്കും.
ഒന്നാം തിയതി മുതൽ തത്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ 50 ശതമാനം തുക തിരികെ ലഭിക്കും. തത്കാൽ ടിക്കറ്റ് നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. എസി കോച്ചിൽ രാവിലെ 10 മുതൽ 11 വരെയും സ്ലീപ്പർ കോച്ചിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും ടിക്കറ്റ് ബുക്കിംഗ് നടത്താൻ സാധിക്കും. രാജധാനി, ശതാബ്ദി ട്രെയിനുകളിൽ പേപ്പർ രഹിത ടിക്കറ്റ് സൗകര്യം ഒന്നാം തിയതി മുതൽ ആരംഭിക്കും. ഇതോടെ ഈ ട്രെയിനുകളിൽ ഇനി മുതൽ പേപ്പർ ടിക്കറ്റുകൾ ലഭ്യമാകില്ല. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളിലേക്കായിരിക്കും ടിക്കറ്റുകൾ റെയിൽവേ അയക്കുന്നത്.
തിരക്കുള്ള സമയങ്ങളിൽ കൂടുതൽ ട്രെയിനുകളുടെ ക്രമീകരണം ഉറപ്പാക്കും. അടുത്ത മാസം മുതൽ രാജധാനി, ശതാബ്ദി, തുരന്തോ, മെയിൽ-എക്സ്പ്രസ് ട്രെയിനുകളുടെ ലൈനുകളിൽ സുവിധ ട്രെയിനുകൾ ഓടിക്കും. പ്രീമിയം ട്രെയിനുകൾ പൂർണ്ണമായും നിർത്തലാക്കും. സെക്കന്റ് എസി കമ്പാർട്മെന്റുകളിൽ 100 രൂപയും തേർഡ് എസിയിൽ 90 രൂപയും സ്ലീപ്പറിൽ ഒരു യാത്രക്കാരന് 60 രൂപയും കുറവുണ്ടാകും.
രാത്രിയിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് വേക്ക്അപ്പ് കോൾ-ഡെസ്റ്റിനേഷൻ അലേർട്ട് സൗകര്യവും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം സജ്ജമാകുന്നതോടെ ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപായി മൊബൈലിൽ അലാറം മുഴങ്ങും. ഫീച്ചർ ലഭിക്കുന്നതിനായി അലേർട്ട് എന്ന് ടൈപ്പ് ചെയ്ത ശേഷം PNR നമ്പർ ടൈപ്പ് ചെയ്യണം അത് 139 ലേക്ക് അയയ്ക്കുക. ഇതിന് ശേഷം ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുമ്പോൾ ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.
Discussion about this post