തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണ മെനുവിൽ വലിയ പൊളിച്ചെഴുത്തിന് തയ്യാറെടുത്ത് ജയിൽ വകുപ്പ്. തടവുകാരുടെ സ്ഥിരം മെനുവിൽ നിന്ന് മട്ടനും മീനും പൂർണ്ണമായി ഒഴിവാക്കാനാണ് പുതിയ നീക്കം. ഉയർന്ന സാമ്പത്തിക ബാധ്യതയും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ജയിൽ ഡിജിപി എസ്. ശ്രീജിത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറി. മട്ടനും മീനിനും പകരമായി ഇനിമുതൽ കോഴിക്കറി, സോയാബീൻ, മുട്ട എന്നിവ മെനുവിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കാരിന് നൽകിയ കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
വലിയ സാമ്പത്തിക ലാഭമാണ് ഈ മെനു മാറ്റത്തിലൂടെ ജയിൽ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവിലെ കണക്കുകൾ പ്രകാരം തടവുകാർക്ക് ആട്ടിറച്ചി നൽകുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും, മീനിനായി 4.80 കോടി രൂപയുമാണ് ഖജനാവിൽ നിന്ന് ചിലവാകുന്നത്. സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ തടവുകാരുടെ ആരോഗ്യകാര്യങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. തുടർച്ചയായി റെഡ് മീറ്റ് കഴിക്കുന്നത് തടവുകാരിൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും (ബിപി) വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇത് ഹൃദ്രോഗ സാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലും മെനുവിൽ അടിയന്തര മാറ്റം വരുത്താൻ ജയിൽ വകുപ്പിനെ പ്രേരിപ്പിച്ച പ്രധാന ഘടകമാണ്.
നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് തടവുകാർക്ക് നോൺ വെജ് വിഭവങ്ങൾ നൽകിവരുന്നത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തോടൊപ്പം മീൻ കറിയും ശനിയാഴ്ചകളിൽ ഉച്ചഭക്ഷണത്തിന് മട്ടനുമാണ് നൽകുന്നത്. 1967-ലാണ് ജയിൽ ഭക്ഷണ മെനുവിൽ ആദ്യമായി മട്ടൻ ഉൾപ്പെടുത്തിയത്. തുടക്കത്തിൽ ഒരു തടവുകാരന് 57 ഗ്രാം വീതമായിരുന്നു മട്ടൻ നൽകിയിരുന്നത്. പിന്നീട് ഇത് 71 ഗ്രാമായി ഉയർത്തി. 2014 മുതൽ എല്ലില്ലാത്ത 100 ഗ്രാം ആട്ടിറച്ചിയാണ് ഓരോ തടവുകാരനും നൽകിവരുന്നത്. ഇതേ വർഷം തന്നെയാണ് ജയിൽ മെനു പരിഷ്കരിച്ചതിന്റെ ഭാഗമായി വർഷങ്ങളായി നൽകിയിരുന്ന ഗോതമ്പ് ഉണ്ടയും ഉണക്കമീനും ഒഴിവാക്കി പകരം മീൻ കറി ഉൾപ്പെടുത്തിയത്. കോടികളുടെ സാമ്പത്തിക ലാഭത്തിനൊപ്പം തടവുകാരുടെ ആരോഗ്യം കൂടി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ജയിൽ വകുപ്പിന്റെ ഈ പുതിയ ശുപാർശയിൽ ആഭ്യന്തര വകുപ്പിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












