മുംബൈ: മുംബൈയിൽ ഫാക്ടറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വ്യാജ സൌന്ദര്യവർദ്ധക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. മാഹിമിലെ ഗോഡൗണിന് പുറത്തുള്ള ഒരു വാഹനത്തിൽ നിന്ന് 18 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് തുടർച്ചയായാണ് നാലസോപാരയിലെയും വസായിലെയും ഫാക്ടറികളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ഏകദേശം 1.41 കോടി രൂപയുടെ വ്യാജ സൌന്ദര്യവർദ്ധക വസ്തുക്കളാണ് പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തത്.
സൌന്ദര്യ വർദ്ധക വസ്തുക്കളുടെ ഒഴിഞ്ഞ പെട്ടികൾ, ബ്രാൻറഡ് സ്റ്റിക്കറുകൾ, പാക്കേജിംഗ് മെറ്റീരിയലുകൾ, എംബോസ് മെഷീനുകൾ, കോംപാക്റ്റ് പൗഡർ നിർമ്മാണ യന്ത്രം, മറ്റ് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. മുംബൈ, നവി മുംബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഈ ഫാക്‌ടറികൾ നിന്ന് വ്യാജ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എത്തിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പോലീസ് ഇൻസ്പെക്ടർ നിതിൻ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫാക്ടറികളിൽ റെയ്ഡ് നടത്തിയത്.
ലാക്‌മെ, ലോറിയൽ, ഹുഡ ബ്യൂട്ടി, മെയ്ബെല്ലിൻ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ലേബലുകളിൽ വിൽക്കുന്ന ഡ്യൂപ്ലിക്കേറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. വ്യാജ വസ്തുക്കൾ പിടിച്ചെടുത്ത വാഹനത്തിൻറെ ഉടമകളായ നാലസോപാറ സ്വദേശി മുഹമ്മദ് സബീർ, സുബൈർ മസാലവാലയെ പോലീസ് അറസ്റ്റ് ചെയ്തു .കൂടുതൽ അന്വേഷണത്തിനായി ഇയാളെ മാഹിം പോലീസിന് കൈമാറി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി ജൂൺ 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മാഹിമിലെ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് വിപണിയിൽ പ്രചരിക്കുന്ന നിരവധി പ്രശസ്തമായ സൗന്ദര്യവർദ്ധക ബ്രാൻഡുകളെ കുറിച്ച് ക്രൈംബ്രാഞ്ച് യൂണിറ്റിന് സൂചന ലഭിച്ചിരുന്നു. ഇതോടെയാണ് മാഹിമിൽ പോലീസ് റെയ്ഡിനിറങ്ങിയത്. അവിടെ ഒരു ഗോഡൌണിന് പുറത്ത് നിർത്തിയിട്ട വാഹനം പോലീസിൻറെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനത്തിൽ നിരവധി പെട്ടികളിൽ നിറച്ച വ്യാജ ഉൽപ്പന്നങ്ങൾ പോലീസ് കണ്ടെത്തി.
“പോലീസിനൊപ്പമുണ്ടായിരുന്ന ഒരു പകർപ്പവകാശ വിദഗ്ദൻ, പാക്കേജിംഗിലെ ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞു, ഉൽപ്പന്നങ്ങൾ നോക്ക്-ഓഫ് ആണെന്ന് നിർണ്ണയിക്കാൻ ഞങ്ങളെ സഹായിച്ചു,” ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 18,07,810 രൂപയുടെ വ്യാജ ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത് . ചില ഉൽപ്പന്നങ്ങൾ പരിശോധിക്കാനായി പോലീസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post