ന്യൂഡൽഹി; വിദേശത്ത് പോയി സ്വന്തം രാജ്യത്തെ വിമർശിക്കുന്നത് ഒരു പാർട്ടിയുടെയും നേതാവിന് ചേരുന്ന കാര്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ വിദേശത്തേക്ക് പോയതെന്നും സ്വന്തം പൂർവ്വികരിൽ നിന്ന് തന്നെ രാഹുൽ പാഠങ്ങൾ പഠിക്കണമെന്നും അമിത്ഷാ നിർദ്ദേശിച്ചു.
അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിച്ചപ്പോൾ രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരെ ഗാന്ധി നടത്തിയ വിമർശനത്തെ പരാമർശിക്കുകയായിരുന്നു അമിത് ഷാ. “ഏതൊരു ദേശസ്നേഹിയും ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയ്ക്കുള്ളിൽ ചർച്ച ചെയ്യണം. ഒരു പാർട്ടിയുടെയും നേതാവിന് വിദേശത്ത് പോയി രാജ്യത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്ത് രാജ്യത്തെ മോശമാക്കുന്നത് യോജിച്ചതല്ല. ഇത് ഓർക്കുക രാഹുൽ ബാബ, രാജ്യത്തെ ജനങ്ങൾ ഇത് സസൂക്ഷ്മം വീക്ഷിക്കുകയാണ്,” അമിത് ഷാ പറഞ്ഞു.
അതേ സമയം രാഹുലിൻറെ വിദേശസന്ദർശന സമയത്ത് ഇന്ത്യൻ ജനാധിപത്യത്തെ പ്രശംസിച്ച് അമേരിക്ക പ്രസ്താവന നടത്തിയിരുന്നു. പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപിയും രംഗത്തെത്തി. ഇന്ത്യ ഊർജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെത്തുന്ന ആർക്കും അത് സ്വയം മനസിലാക്കാവുന്ന കാര്യമാണെന്നും ആയിരുന്നു അമേരിക്കയുടെ പരാമർശം. അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനെതിരെ വിമർശനങ്ങളുന്നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഇത് കനത്ത തിരിച്ചടിയാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു.
Discussion about this post